'വീണാ ജോർജിനെതിരായ എഫ്ബി പോസ്റ്റുകൾ പാർട്ടി ഗൗരവമായി പരിശോധിക്കും, അവ ഒഴിവാക്കേണ്ടതായിരുന്നു'; രാജു എബ്രഹാം

രണ്ട് വിഷയവും പാർട്ടി ഗൗരവമായിത്തന്നെ പരിശോധിക്കുമെന്നും രാജു എബ്രഹാം

dot image

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള പ്രവർത്തകരുടെ എഫ്ബി പോസ്റ്റുകൾ പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പിജെയുടെ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു എന്നും സിപിഐഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവിന്റെ പോസ്റ്റ് പ്രത്യക്ഷത്തിൽ മന്ത്രിക്കെതിരെ അല്ല എന്നും രാജു എബ്രഹാം റിപ്പോർട്ടറിനോട് പറഞ്ഞു. വാർത്തകളിൽ അവ മന്ത്രിക്കെതിരെ എന്ന് വ്യാഖ്യാനിക്കപ്പെട്ടുവെന്നും രണ്ട് വിഷയവും പാർട്ടി ഗൗരവമായിത്തന്നെ പരിശോധിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് മന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഐഎം നേതാക്കൾ തന്നെ വിമർശനവുമായി രംഗത്തുവന്നത്. സിപിഐഎം പത്തനംതിട്ട ഇലന്തൂര്‍ ലോക്കൽ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ, സിപിഐഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവ് എന്നിവരായിരുന്നു മന്ത്രിക്കെതിരെ രംഗത്തുവന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.

കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍ പി.ജെയുടെ വിമർശനം. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും മന്ത്രിക്ക് അര്‍ഹതയില്ലെന്നും ജോൺസൺ കൂട്ടിച്ചേർത്തിരുന്നു. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ കൂടിയായ എന്‍ രാജീവ് പരോക്ഷമായി വിമര്‍ശിച്ചത്. സ്‌കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദന വരുമെന്നും വയറുവേദന എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുമെന്നുമായിരുന്നു രാജീവ് പരിഹസിച്ചത്. ഒത്താല്‍ രക്ഷപ്പെട്ടു എന്നാണ് അവസ്ഥയെന്നും എന്നാണ് രാജീവ് പറഞ്ഞത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തി. ഇതിനിടെയാണ് അപകടം നടന്നത്.

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.

Content Highlights: Pathanamthitta cpim district secretary to take action against fb posts against veena george

dot image
To advertise here,contact us
dot image