ഖമനയിയുടെ കൊലപാതകം:കറാച്ചിയിലെ US കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ;വെടിയുതിർത്ത് US സേന, 6 മരണം

ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്

ഖമനയിയുടെ കൊലപാതകം:കറാച്ചിയിലെ US കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ;വെടിയുതിർത്ത് US സേന, 6 മരണം
dot image

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം. ടെഹ്‌റാനിലുണ്ടായ ഇസ്രയേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പാകിസ്താൻ മാധ്യമായ ഡോൺ റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ കോൺസുലേറ്റിലെ യുഎസ് സുരക്ഷാ സേന വെടിയുതിർത്തതായും ആറ് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖമനയിയുടെ ചിത്രമടക്കം ഉയർത്തിപ്പിടിച്ചെത്തിയ പ്രതിഷേധക്കാർ യുഎസ് കോൺസുലേറ്റ് വളപ്പിലേക്ക് ഇരച്ചെത്തി ജനൽ ചില്ലുകളടക്കം അടിച്ചു തകർത്തു. ശേഷം കെട്ടിടത്തിന് തീയിട്ടു.
പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന ടിയർ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

വിഷയത്തിൽ സിന്ദ് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രി സിയോൾ ഹസൻ ലഞ്ജാർ കറാച്ചി എഐജിയോട് റിപ്പോർട്ട് തേടി. യുഎസ് കോൺസുലേറ്റ് പരിസരത്തെ റോഡുകളെല്ലാം ബാരിക്കേഡ് വെച്ച് സുരക്ഷയൊരുക്കിയതായും പരിസരത്ത് പൊലീസ് സേനയെ വിന്യസിച്ചതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ശനിയാഴ്ച പുലർച്ചെ ഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ച് ഖമനയി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഖമനയിയുടെ മരണത്തിൽ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കയാണ്. അതേസമയം ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ആക്രമണം തുടരുകയാണ്. ഇറാൻ തിരിച്ചടിക്കുന്നുമുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇറാൻ തിരിച്ചടികൾ തുടരുകയാണ്.

Content Highlights: protesters attack karachi's us consulate over iran supreme leader Ayatollah Ali Khamenei death

dot image
To advertise here,contact us
dot image