'കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞു, അതായിരുന്നു ഈ അതിജീവനം'; മുഖ്യമന്ത്രി പിണറായി വിജയൻ

വീട് നിർമാണത്തിൽ പങ്കാളികളായ ഓരോരുത്തരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു

'കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞു, അതായിരുന്നു ഈ അതിജീവനം';  മുഖ്യമന്ത്രി പിണറായി വിജയൻ
dot image

കല്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമായി. ഒന്നാം ഘട്ടമായി 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു. സർക്കാർ വാക്കുപാലിച്ചെന്നും ഒട്ടും എളുപ്പമായിരുന്നില്ല ഈ യജ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു. 178 പേർക്കാണ് ഇപ്പോൾ പട്ടയം കൈമാറുന്നതെന്നും തെരഞ്ഞെടുപ്പ് ഉണ്ടെങ്കിലും മഴക്കാലത്തിന് മുൻപായി മുഴുവൻ ദുരന്തബാധിതർക്കും വീടും ഭൂമിയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

നമ്മുടെ നാടിന്റെ പ്രത്യേകത രാജ്യത്തിനും ലോകത്തിനും മുൻപിൽ അവതരിപ്പിക്കുകയാണെന്നും ഒരുമയും ഐക്യവും സഹോദര്യവുമാണ് ഇന്ന് ഇത്തരമൊരു പരിപാടിയിലേക്ക് നമ്മെ എത്തുന്നതിനിടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മനസിനെ നടുക്കുന്ന ദുരന്തത്തിനാണ് ചൂരൽമല മുണ്ടക്കൈയിലെ മനുഷ്യർ ഇരയായത്. മുൻപ് ജീവിച്ചതുപോലെ ഇനിയും ഒരുമിച്ച് ജീവിക്കണമെന്ന് അതിജീവിച്ചവർ ആവശ്യപ്പെട്ടപ്പോഴാണ് ടൗൺഷിപ്പ് എന്ന ആശയം ഉണ്ടായത്. ഈ പദ്ധതി പൂർത്തിയാക്കും എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. എല്ലാവരും ആശയത്തോട് അനുകൂലിച്ചുവെന്നും വാഗ്ദാനങ്ങൾ നൽകിയവർ അവയെയെല്ലാം പാലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് വരികയാണെങ്കിൽ പോലും മഴക്കാലത്തിന് മുൻപായിത്തന്നെ മുഴുവൻ ദുരന്തബാധിതർക്കും സ്വന്തം വീടും ഭൂമിയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. പദ്ധതിക്ക് മുൻപായി ഏറെ തടസങ്ങൾ നേരിട്ടു. വ്യാജപ്രചാരണം, കേന്ദ്രനിഷേധം മുതൽ ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാൻ വരെ ശ്രമമുണ്ടായി. കോടതി വ്യവഹാരങ്ങൾ ഏറെയുണ്ടായി. ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് നൽകരുതെന്ന് പറയാൻ ആളുകളുണ്ടായിരുന്നു എന്നും വൈരനിര്യാതന ബുദ്ധിയോടെ ചിലർ പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പാകുടിശ്ശിക എഴുതിത്തള്ളാൻ കേന്ദ്രം തയാറായില്ലെന്നും എന്നാൽ സംസ്ഥാന സർക്കാർ അവ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

വീട് നിർമാണത്തിൽ പങ്കാളികളായ ഓരോരുത്തരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കളക്ടർ, ഊരാളുങ്കൽ ലേബർ സൊസൈറ്റി, തൊഴിലാളികൾ എന്നിവരെയെല്ലാമാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി ഓർമിച്ചു.

Content Highlights: The Kerala government’s Wayanad township project for survivors of the Mundakkai and Chooralmala disaster has become a reality, with 178 houses handed over in the first phase. The inauguration ceremony was conducted by the Chief Minister in Wayanad

dot image
To advertise here,contact us
dot image