ലഹരി കടത്താൻ പോസ്റ്റ്ഓഫീസുകൾ ഉപയോഗിച്ചു;പ്രതികൾ ബിടെക് പഠനകാലം മുതൽ സുഹൃത്തുക്കൾ;എന്‍സിബി അന്വേഷണം ആരംഭിച്ചു

ഇതിൽ റിസോര്‍ട്ട് ഉടമകളെ പ്രതി ചേർത്ത കേസ് പ്രത്യേകമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്

dot image

കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ബാബു പ്രതിയായ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് കേസില്‍ ലക്ഷ്യമിട്ടതു വൻ സിൻഡിക്കറ്റോയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയും മറ്റ് അന്വേഷണ ഏജൻസികളും. കേസിൽ പ്രതിയായ എഡിസൺ ബാബുവും അരുൺ തോമസിനും പുറമേ പാഞ്ചാലിമേട്ടിൽ റിസോർട്ട് നടത്തുന്ന പറവൂർ സ്വദേശികളായ ദമ്പതികള്‍‍ എന്നിവരാണു നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. ഇതിൽ റിസോര്‍ട്ട് ഉടമകളെ പ്രതി ചേർത്ത കേസ് പ്രത്യേകമായാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.

ബിടെക് പഠനകാലം മുതൽ അറിയുന്നവരാണ് ഇവരെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അന്നുമുതലുള്ള ഇവരുടെ മറ്റൊരു സുഹൃത്താണ് റിസോർട്ട് ഉടമ. മൂവരും കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യാന്തര ലഹരി ഇടപാടുകളിലേർപ്പെടുന്നു എന്ന് എൻസിബി വൃത്തങ്ങൾ റിപ്പോ‍‌ർട്ട് ചെയ്യുന്നു. ലഹരിമരുന്നായ കെറ്റമിൻ വിദേശത്തുനിന്ന് എത്തിച്ച് ഓസ്ട്രേലിയയിലേക്ക് അയയ്ക്കുന്നതായിരുന്നു റിസോർട്ട് ഉടമകളുടെ ബിസിനസ്. കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഇത്തരം ഇടപാട് നടത്തുന്നു എന്നാണ് വിവരം. എഡിസണും അരുണും പറവൂർ സ്വദേശിയും ചേർന്ന് കേരളം കേന്ദ്രീകരിച്ച് വലിയ ലഹരിമരുന്ന് സിൻഡിക്കറ്റ് രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നോ എന്നാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ആറു വർഷം മുൻപ് സ്വന്തം ആവശ്യത്തിനാണ് എഡിസൺ ലഹരിമരുന്നു വാങ്ങിത്തുടങ്ങിയത്. ചെറിയ തോതില്‍ ആരംഭിച്ച ഇതിന്റെ വ്യാപാരം പതുക്കെ ശക്തമായി. രണ്ടു വർഷം മുൻപ് ഡാർക്ക് വെബ്ബിന്റെ സാധ്യത എഡിസൺ കണ്ടെത്തി. അന്നുമുതൽ ‘കെറ്റാമെലോൺ’ എന്ന ബ്രാൻഡ് ഡാർക്ക്നെറ്റിലെ ലഹരി ലോകത്ത് ഹിറ്റായി. ഡാർക്ക്നെറ്റിൽ ‘ലെവൽ 4’ൽ ഉള്ള, രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖനായ ലഹരി കടത്തുകാരനായാണ് എഡിസൺ ഈ മേഖലയിൽ അറിയപ്പെടുന്നത്. ഓർഡർ നൽകിയാൽ പറഞ്ഞ സമയത്ത് കൃത്യമായി ലഹരി എത്തിച്ചു നൽകിയിരുന്നു എന്നതായിരുന്നു കെറ്റാമെലോണിന്റെ വിശ്വാസ്യതയ്ക്ക് അടിസ്ഥാനം. സാങ്കേതിക കാര്യങ്ങളിൽ അരുൺ എഡിസണെ സഹായിച്ചിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. അതുകൊണ്ട് ഇവരുൾപ്പെട്ട കേസ് പ്രത്യേകമായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ ഇന്ന് എറണാകുളം സെഷൻസ് കോടതി പരിഗണിക്കുന്നുണ്ട്.

എൻസിബി കൊച്ചി യൂണിറ്റിന്റെ നിരീക്ഷണത്തിൽ കുറച്ചുനാളായി ഉണ്ടായിരുന്നവരാണ് പറവൂർ സ്വദേശികളെന്നാണു വിവരം. എഡിസണും ഇവരും സുഹൃത്തുക്കളാണെന്നും പിടിച്ചെടുത്ത രേഖകളിൽ ഇവരെക്കുറിച്ചു വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു എന്നും ഏജൻസി വൃത്തങ്ങൾ പറയുന്നത്. ജൂൺ 28ന് കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്സലാണ് എഡിസണെയും കൂട്ടരെയും പൂട്ടാനുള്ള പിടിവള്ളി എൻസിബിക്ക് നൽകിയത്. എഡിസന്റെ പേരിൽ വന്ന ആ പാഴ്സലിൽനിന്നാണ് 280 എൽഎസ്ഡ‍ി സ്റ്റാംപുകൾ പിടികൂടിയത്. പിറ്റേന്ന് മൂവാറ്റുപുഴയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 847 എൽഎസ്‍‍ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമിനും 70 ലക്ഷം രൂപയുടെ ക്രിപ്റ്റോകറൻസിയും പിടികൂടുകയും ചെയ്തു. നിലവിൽ എൽഎസ്ഡിയുടെ വിപണനത്തിലാണ് എഡിസണും കൂട്ടരും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് പൊലീസിന് ലഭിച്ചത്.

എൻസിബിക്ക് പുറമെ ഭീകര വിരുദ്ധ സ്ക്വാഡിന്റെ കൂടി സഹകരണത്തോടെയാണ് കെറ്റാമെലോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നത്. എഡിസണ് യുകെ കേന്ദ്രമായ സംഘത്തിൽ നിന്നാണ് എൽഎസ്‍ഡി എത്തുന്നത്. കേരളമടക്കം രാജ്യത്തെ മിക്ക സ്ഥലങ്ങളിലേക്കും ലഹരി അയച്ചിട്ടുണ്ട്. ഇതിനായി എറണാകുളം ജില്ലയിലെ വിവിധ പോസ്റ്റ്ഓഫീസുകൾ ഉപയോഗിക്കുകയും ചെയ്തു. ആരൊക്കയായിരുന്നു എഡിസണിൽനിന്ന് ലഹരി വാങ്ങിയത് എന്നാ അന്വേഷണമാണ് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്നത്.

Content Highlight : NCB has started an investigation into the dark net drug case involving Edison Babu, a native of Muvattupuzha

dot image
To advertise here,contact us
dot image