രക്ഷാപ്രവർത്തനം വൈകി എന്നത് ശരിയല്ല; ജെസിബി സ്ഥലത്തേക്ക് എത്തിക്കുന്നതിൽ തടസ്സമുണ്ടായി: മന്ത്രി വി എന്‍ വാസവൻ

സംഭവം നടന്ന് തൊട്ടടുത്ത നിമിഷം തന്നെ താന്‍ സ്ഥലത്തെത്തിയെന്ന് മന്ത്രി

dot image

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് പറയുന്നത് ശരിയല്ലെന്നും ജെസിബി സ്ഥലത്തേയ്ക്ക് എത്തിക്കാന്‍ തടസ്സമുണ്ടായെന്നും മന്ത്രി പറഞ്ഞു.

സംഭവം നടന്ന് തൊട്ടടുത്ത നിമിഷം തന്നെ താന്‍ സ്ഥലത്തെത്തി. രണ്ട് പേരെ രക്ഷിച്ചതായാണ് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി പരിശോധന നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജെസിബി വിളിച്ചുവരുത്തിയതെന്ന് മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ജെസിബി അപകട സ്ഥലത്തേയ്ക്ക് എത്തിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടുവെന്ന് മന്ത്രി പറഞ്ഞു. നാല് ഭാഗത്തും കെട്ടിടമുള്ള സ്ഥലത്താണ് അപകടമുണ്ടായത്. കെട്ടിടം പൊളിച്ച് ജെസിബി ഉള്‍ഭാഗത്തേയ്ക്ക് എത്തിക്കുന്നത് സാധ്യമായ കാര്യമല്ലെന്ന് മനസിലായി. മുകള്‍ ഭാഗത്തെ വഴിയിലൂടെ കയറ്റാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചു. എന്നാല്‍ ഗ്രില്‍ തടസ്സമായി. ഗ്രില്‍ അറുത്തുമാറ്റിയാണ് ജെസിബി സ്ഥലത്തേയ്ക്ക് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജിനൊപ്പം മാധ്യമങ്ങളെ കാണുന്ന ഘട്ടത്തില്‍ സംഭവം നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി വാസവന്‍ പറഞ്ഞിരുന്നു. ആറ് വാര്‍ഡുകളിലായി 360 രോഗികളാണുള്ളത്. ഇവരെ ഉടന്‍ തന്നെ പുതിയ ബ്ലോക്കിലേയ്ക്ക് മാറ്റും. സംഭവത്തിന് കാരണമെന്താണെന്ന് മുന്‍വിധിയോടെ പറയാന്‍ കഴിയില്ല. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനാസ്ഥയുണ്ടോ എന്നറിയാന്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്. തൊട്ടുപിന്നാലെ മന്ത്രി വീണാ ജോര്‍ജും മന്ത്രി വാസവനും സ്ഥലത്തെത്തി. രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെന്നും മറ്റ് അപകടങ്ങളിലെന്നുമായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്.

Content Highlights- Minister v n vasavan reaction on kottayam medical college incident

dot image
To advertise here,contact us
dot image