

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവൻ വിലയിൽ 520 രൂപയുടെ കുറവോടെ 1,04,120 രൂപയും ഗ്രാമിന് 65 രൂപയുടെ ഇടിവോടെ 13,015 രൂപ എന്ന നിലയ്ക്കുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 1,05,680 രൂപയായിരുന്നു സ്വർണ വില, ഉച്ചയ്ക്ക് ശേഷം കുത്തനെ 1,040 രൂപ ഇടിഞ്ഞു.
ഇതോടെ വില 1,04,640 രൂപയിലെത്തി. ഇതിനു പിന്നാലെയാണ് ഇന്നത്തെ വിലയിടിവ്, ഇന്നത്തെ ഇടിവോടെ 7 ദിവസങ്ങൾക്ക് ശേഷം സ്വർണ വില വീണ്ടും 1.4 ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. നവംബർ അഞ്ചാം തിയതി ആയിരുന്നു സ്വർണ വില 1,07,080 എന്ന ഈ മാസത്തിലെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയത്. അതായത് കൃത്യം 8 ദിവസങ്ങൾകൊണ്ട് സ്വർണ വിലയിൽ 3,000 രൂപയോളമാണ് ഇടിവ് ഉണ്ടായിരിക്കുന്നത്.
രാജ്യാന്തര തലത്തിലെ വിലയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. നിലവിൽ വില 4,000 ഡോളർ നിലവാരത്തിലേക്ക് വീണ്ടും താഴ്ന്നിട്ടുണ്ട്. അതേസമയം സമീപകാലത്തെ വിലയിടിവിനും ചാഞ്ചാട്ടങ്ങൾക്കും പിന്നാലെ സ്വർണത്തിൽ വീണ്ടും പ്രതീക്ഷയർപ്പിക്കുകയാണ് ആഗോള നിക്ഷേപകർ.
2026 അവസാനത്തോടെ രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 6,000 ഡോളറിലെത്തിയേക്കുമെന്നാണ് പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമായ ജെ.പി. മോർഗന്റെ പ്രവചനം. അതായത് വരുന്ന ഒന്നര മാസത്തിനുള്ളിൽ വിലയിൽ വലിയ കുതിപ്പാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.
ജെ.പി. മോർഗന്റെ പ്രവചനം യാഥാർഥ്യമായാൽ കേരളത്തിലെ സ്വർണവിലയിലും വലിയ മുന്നേറ്റമുണ്ടാകാം. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 6,000 ഡോളർ വിലയും ഒരു ഡോളറിന് 93 എന്ന ഏകദേശ വിനിമയ നിരക്കും കണക്കാക്കിയാൽ, 22 കാരറ്റ് സ്വർണത്തിന്റെ അടിസ്ഥാന വില ഒരു ഗ്രാമിന് ഏകദേശം 16,445 വരും. അതായത് എട്ട് ഗ്രാം വരുന്ന ഒരു പവന് ഏകദേശം 1.32 ലക്ഷം. ഇറക്കുമതി തീരുവയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടുത്തിയുള്ള ഏകദേശ കണക്കിൽ പവൻ വില 1.43 ലക്ഷം മുതൽ 1.44 ലക്ഷം വരെ എത്തിയേക്കാം. പണിക്കൂലി ഇതിന് പുറമെയാണ്.
Content Highlights: Gold Prices Witness Sharp Decline in Kerala; ₹3,000 Drop Per Sovereign in 8 Days, Buyers Get Relief