
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിൻ്റെ നടപടിക്ക് പിന്നാലെ സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ രാജ്യസഭാംഗം എ എ റഹീം. സിലബസില്‍ വര്‍ഗീയത കലര്‍ത്താനും, ഭാവി തലമുറയെ ശാസ്ത്ര വിരുദ്ധരായി രൂപപ്പെടുത്താനുമാണ് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍വകലാശാലകള്‍ പിടിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'എന്തുകൊണ്ട് അവര്‍ സര്‍വകലാശാലകളെ തേടി വന്നു..?'വെന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
'ഒന്നാം പിണറായി സര്‍ക്കാര്‍ ഏറ്റവും ശ്രദ്ധയൂന്നിയ ഒരു മേഖല പൊതു വിദ്യാഭ്യാസ മേഖലയായിരുന്നു. നാട്ടിലാകെ ഏവര്‍ക്കും ആ മാറ്റം കാണാം. അന്താരാഷ്ട്ര നിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ ഗ്രാമങ്ങളില്‍ പോലും കാണാം. രണ്ടാം തവണ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഏറ്റവും ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. സ്‌കൂളുകളില്‍ ആദ്യ സര്‍ക്കാരിന്റെ കാലത്തുണ്ടായ അമ്പരപ്പിക്കുന്ന മാറ്റം ജനങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ചു. സമാനമായ മാറ്റം സര്‍ക്കാര്‍ കോളേജുകളിലും സര്‍വകലാശാലകളിലും ഉണ്ടാവുകയും, ജനങ്ങളില്‍ അത് സ്വാധീനവും ചെലുത്തും എന്ന ബിജെപിയുടെ തിരിച്ചറിവാണ് സര്‍വകലാശാലകളില്‍ ഭരണസ്തംഭനം ഉണ്ടാക്കുന്നതിന് പിന്നില്‍', അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ നാള്‍ മുതല്‍ ബിജെപി ആസൂത്രിതമായി ഉണ്ടാക്കിയ പ്രതിസന്ധികളെ അതിജീവിച്ച് നമ്മള്‍ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനകം നമ്മുടെ വിവിധ സര്‍വകലാശാലകള്‍ രാജ്യത്തെ റാങ്കിങ്ങില്‍ വലിയ കുതിപ്പ് നേടി. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി നമ്മള്‍ ആരംഭിച്ചു കഴിഞ്ഞു, ഇനിയും നമ്മള്‍ മുന്നേറുമെന്നും റഹീം വ്യക്തമാക്കി.
നമ്മുടെ സര്‍വകലാശാലകള്‍ ശാസ്ത്ര വിരുദ്ധതയ്ക്കും, വര്‍ഗീയത പഠിപ്പിക്കുന്നതിനും വിട്ടു കൊടുക്കാനാകില്ല. നമുക്ക് ലോകത്തോളം വളരണം. അത് മുടക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് മുന്നില്‍ നമ്മള്‍ തോറ്റുപോകാനും പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ വലിയ രീതിയില്‍ വിവാദമായിട്ടുണ്ട്. വലിയ രീതിയിലുള്ള പ്രതിഷേധമാണ് സര്‍ക്കാര്‍ തലത്തില്‍ നിന്ന് തന്നെ ഉയരുന്നത്.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.
Content Highlights: AA Rahim against Governors stand on Universities