'ഒന്നും ചെയ്യാത്ത സർക്കാരിനെക്കുറിച്ച് സത്യം പറയുമ്പോൾ വിമർശിക്കുന്നു'; ഹാരിസിന്റെ തുറന്നുപറച്ചിലിൽ രാജീവ്

കഴിവുള്ള ഡോക്ടര്‍ പറയുമ്പോള്‍ സീരിയസായിട്ട് എടുക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍

dot image

ന്യൂഡല്‍ഹി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഡോക്ടര്‍ ഹാരിസ് സത്യം പറയുന്നുവെന്ന് രാജീവ് പറഞ്ഞു. ഒന്നും ചെയ്യാത്ത സര്‍ക്കാരിനെക്കുറിച്ച് സത്യം പറയുമ്പോള്‍ വിമര്‍ശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'സത്യം പറഞ്ഞാല്‍ വിമര്‍ശിക്കും. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും തെറ്റ് പറ്റി. ശരിയാക്കും എന്നാണ് പറയേണ്ടത്. രാജഭരണമാണ് നടക്കുന്നത്. കിട്ടിയത് എടുക്കുക, കിട്ടിയില്ലെങ്കില്‍ മിണ്ടാതിരിക്കുക, ഇതാണ് രീതി. കഴിവുള്ള ഡോക്ടര്‍ പറയുമ്പോള്‍ സീരിയസായിട്ട് എടുക്കണം', രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മതേതരത്വം നശിപ്പിക്കാനാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമമെന്നും അദ്ദേഹം പ്രതികരിച്ചു. ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കാന്‍ ആണ് ശ്രമമെന്നും വളരെ അപകടകരമായ സംഘടന ആണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ജമാഅത്തെ ഇസ്ലാമിയുടെ സഹായത്തോടെ വിജയിച്ചു. കോണ്‍ഗ്രസും ഇന്ത്യ സഖ്യവും നേട്ടത്തിനായി എന്തും ചെയ്യുന്നുവെന്നും രാജീവ് ആരോപിച്ചു.

ദേശ വിരുദ്ധരുമായി ചേരുന്നുവെന്നും ജമാഅത്തെ ഇസ്ലാമിയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്ത് ബിജെപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും ജമാഅത്തെ ഇസ്ലാമിയുടെ സഹായം തേടിയിട്ടുണ്ട് എന്ന് അമീര്‍ മുജീബ് റഹ്‌മാന്‍ പറഞ്ഞു. ഇതില്‍ സിപിഐഎമ്മും ഉള്‍പ്പെടുന്നു. തീവ്രവാദികളെ സ്വാതന്ത്ര സമര സേനാനികളെന്ന് വിളിച്ചയാളാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി. നിലമ്പൂരിലേയും വയനാട്ടിലെയും വിജയം കോണ്‍ഗ്രസിന്റെ അല്ല, ജമാഅത്തെ ഇസ്‌ലാമിയുടേതാണ്', രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Content Highlights: BJP Leader Rajeev Chandrasekhar against Pinarayi on Haris statement

dot image
To advertise here,contact us
dot image