'കുട്ടികള്‍ സൂംബ കളിക്കട്ടെ, എതിര്‍ക്കുന്നവരും വൈകാതെ ഈ താളത്തിനൊത്ത് നൃത്തം ചെയ്യും': എ എ റഹീം എംപി

'ടെലിവിഷനെ എതിർത്തവർ പിന്നീട് ടെലിവിഷൻ ചാനലുകൾ തന്നെ തുടങ്ങി, കല്യാണം ക്യാമറയിൽ പകർത്തുന്നത് 'ഹറാം' ആണെന്ന് പറഞ്ഞിരുന്ന സംഘടനകൾ, അങ്ങനെ കല്യാണം നടത്തിയതിന്റെ പേരിൽ ‘വിലക്ക്’കിട്ടിയ സാധാരണക്കാർ. ഒന്നും മറക്കരുത്.'- എ എ റഹീം പറഞ്ഞു

dot image

തിരുവനന്തപുരം: സൂംബ വിവാദത്തില്‍ പ്രതികരണവുമായി എഎ റഹീം എംപി. നമ്മുടെ കുട്ടികള്‍ സൂംബ ഡാന്‍സ് കളിക്കട്ടെ എന്നും എതിര്‍ക്കുന്നവരും വൈകാതെ ഈ താളത്തിനൊത്ത് നൃത്തം വയ്ക്കുമെന്നുമാണ് എഎ റഹീം പറയുന്നത്. അല്‍പ്പവസ്ത്രം എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതമാണെന്നും സൂംബ സ്‌കൂളുകളില്‍ പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും എംപി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സര്‍ക്കാര്‍ ഒന്നും ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല. ലഹരിക്കെതിരായ ക്യാംപെയ്‌ന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബയെ മുന്നോട്ടുവെച്ചത്. ആധുനികതയെ ഭയക്കുന്നവര്‍ക്ക് മാറിനില്‍ക്കാം. സൂംബ ഡാന്‍സിനെ എതിര്‍ക്കുന്നവര്‍ ആധുനികതയെ ഭയക്കുന്നവരാണ്. ആധുനികതയുടെയും ആസ്വാദനത്തിന്റെയും പുതിയ വഴികളില്‍ നിന്ന് മുഖം തിരിച്ചുപിടിച്ച ഈ യാഥാസ്ഥിതിക ലോകത്തെ മുസ്‌ലിം സമുദായം തന്നെ തിരുത്തിയിട്ടുണ്ട്. ഇനിയും തിരുത്തും. ആധുനികതയെ ഭയക്കുന്നവര്‍ സ്വയം പരാജയപ്പെടും'-എഎ റഹീം പറഞ്ഞു.

എ എ റഹീം എംപിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

നമ്മുടെ കുട്ടികൾ സൂംബ ഡാൻസ് കളിക്കട്ടെ. എതിർക്കുന്നവരും വൈകാതെ ഈ താളത്തിനൊത്ത് നൃത്തം ചെയ്യും!

നൃത്തസംവിധായകനും എയറോബിക്സ് പരിശീലകനുമായ കൊളംബിയക്കാരൻ ആൽബർട്ടോ "ബെറ്റോ" പെരസ് യാദൃശ്ചികമായി കണ്ടുപിടിച്ച ഒരു വ്യായാമ മുറയാണ് സൂംബ. ഒരു സാധാരണ വ്യായാമം എന്നതിലുപരി, മാനസിക പിരിമുറുക്കം കുറയ്ക്കാനും നിരവധി ആരോഗ്യ പ്രശ്നങ്ങളെ നേരിടാനും സൂംബ ഡാൻസ് ഫലപ്രദമാണ്.

"അൽപ വസ്ത്രം" എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതമാണ്. എനിക്കറിയാവുന്ന ധാരാളം ആളുകൾ ഒറ്റയ്ക്കും കുടുംബമായും ഈ വ്യായാമരീതി പിന്തുടരുന്നുണ്ട്. ഇത് നമ്മുടെ സ്കൂളുകളിൽ പഠിപ്പിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല.

സർക്കാർ ആരുടെയും മേൽ ഒന്നും അടിച്ചേൽപ്പിക്കുന്നില്ല. ലഹരിക്കെതിരായുള്ള കാമ്പയിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബയെ മുന്നോട്ട് വെച്ചത്. ആധുനികതയെ ഭയക്കുന്നവർക്ക് മാറിനിൽക്കാം.

സൂംബ ഡാൻസിനെ എതിർക്കുന്നവർ ആധുനികതയെ ഭയക്കുന്നവരാണ്. ഇവർ ഇന്നലെകളിൽ എതിർത്തതൊന്നും നമ്മൾ മറക്കരുത്

* ടെലിവിഷനെ എതിർത്തവർ പിന്നീട് ടെലിവിഷൻ ചാനലുകൾ തന്നെ തുടങ്ങി!.

* സിനിമയെ എതിർത്ത സംഘടനകൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോട് മുഖം തിരിച്ചു നിന്ന സംഘടനകൾ.

* കല്യാണം ക്യാമറയിൽ പകർത്തുന്നത് 'ഹറാം' ആണെന്ന് പറഞ്ഞിരുന്ന സംഘടനകൾ, അങ്ങനെ കല്യാണം നടത്തിയതിന്റെ പേരിൽ ‘വിലക്ക്’കിട്ടിയ സാധാരണക്കാർ.

ഒന്നും മറക്കരുത്.

ആധുനികതയുടെയും ആസ്വാദനത്തിന്റെയും പുതിയ വഴികളിൽ നിന്ന് മുഖം തിരിച്ചുപിടിച്ച ഈ യാഥാസ്ഥിതിക ലോകത്തെ മുസ്ലിം സമുദായം തന്നെ തിരുത്തിയിട്ടുണ്ട്. ഇനിയും തിരുത്തും. ആധുനികതയെ ഭയക്കുന്നവർ സ്വയം പരാജയപ്പെടും!

Content Highlights: AA Rahim MP about Zumba dance controversy

dot image
To advertise here,contact us
dot image