
ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് നടത്തിയ ആക്രമണത്തിന് പിന്നാലെ ദോഹ വിമാനത്താവളം നിശ്ചലമായെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഖത്തറില്‍ ഒരു പരിപാടിക്കായി വന്നതാണ്. തിരുവനന്തപുരത്തേയ്ക്ക് ഇന്ന് മടങ്ങേണ്ടതായിരുന്നു. അതിനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. ആദ്യം മ്ലാനത അനുഭവപ്പെട്ടെന്നും ഇപ്പോള്‍ ഓക്കെയായെന്നും ഗോപിനാഥ് മുതുകാട് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ പൂര്‍ണമായും നിശ്ചലമായ അവസ്ഥയാണെന്ന് മുതുകാട് പറഞ്ഞു. ഒരു തരത്തിലുള്ള മൂവ്മെന്റും നടക്കുന്നില്ല. ഒന്നും അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു അറിയിപ്പും ലഭിക്കുന്നില്ല. മെസേജിന് വേണ്ടി കാത്തിരിക്കുകയാണ്. ആളുകള്‍ക്ക് എയര്‍പോര്‍ട്ട് അധികൃതര്‍ ഭക്ഷണവും മറ്റും നല്‍കുന്നുണ്ടെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഇന്ന് വൈകിട്ടോടെയാണ് ഖത്തറിലെ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് ആക്രമണം നടത്തിയത്. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്. 24 ഹെക്ടറാണ് ഇതിന്റെ വിസ്തൃതി. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷന് ബഷാരത്ത് അല്‍-ഫത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് അല്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. ഖത്തറിന്റെ പരമാധികാരത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്റേയും ലംഘനമാണ് നടന്നതെന്ന് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ആക്രമണത്തില്‍ ആളപായമോ പരിക്കോയില്ല. ഇറാന് നടത്തിയത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. ആക്രമണങ്ങള്‍ അവസാനിപ്പണം. ഇതിനായി അടിയന്തരമായി ചര്‍ച്ചകളിലേയ്ക്ക് കടക്കണമെന്നും മജീദ് അല്‍ അന്‍സാരി ആവശ്യപ്പെട്ടു. ഇറാന്റെ മിസൈല്‍ ആക്രമണം തടഞ്ഞുവെന്നും ഖത്തര്‍ അവകാശപ്പെട്ടു. വിവരങ്ങള്‍ പ്രതിരോധസേന ഉടന്‍ പുറത്തുവിടുമെന്നും മജീദ് അല്‍ അന്‍സാരി വ്യക്തമാക്കി. അതേസമയം തങ്ങളുടെ ലക്ഷ്യം ഖത്തറല്ലെന്ന് ഇറാന് പ്രതികരിച്ചു. ഖത്തര്‍ സഹോദര തുല്യമായ രാജ്യമാണ്. ആക്രമണം ഖത്തര്‍ ജനതയ്ക്ക് ഭീഷണിയാകില്ലെന്നും ഇറാന് പറഞ്ഞിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ അവരുടെ വ്യോമപാത അടച്ചു. കുവൈറ്റ്, യുഎഇ, ബഹ്റൈന്‍, ഇറാഖ് അടക്കമുള്ള രാജ്യങ്ങളാണ് വ്യോമപാത അടച്ചത്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണം നടന്നു.
Content Highlights- Magician gopinath muthukad stuck in doha airport over iran attack in qatar us military