
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ എഡിജിപി അജിത് കുമാറിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി എത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂരം അലങ്കോലപ്പെട്ട സംഭവം അജിത് കുമാറിനെ വിളിച്ചറിയിക്കാന്‍ മന്ത്രി കെ രാജനും മറ്റുള്ളവരും ശ്രമിച്ചിരുന്നു. എന്നാല്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ല. പ്രശ്നങ്ങള്‍ക്ക് ശേഷം സ്ഥലത്തുണ്ടായിട്ടും അജിത് കുമാര്‍ ഒന്നും ചെയ്തില്ല. എഡിജിപിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചതായും ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എം ആര് അജിത് കുമാറിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് എത്തിയിരിക്കുന്നത്.
രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്കുവഴിവെച്ച സംഭവമായിരുന്നു തൃശൂര്‍ പൂരം കലക്കല്‍. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ വിജയത്തില്‍ ഈ സംഭവം വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പൂരം കലക്കലില്‍ സര്‍ക്കാര്‍ ത്രിതല അന്വേണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ രാജന്, അജിത് കുമാര്‍, ദേവസ്വം പ്രതിനിധികള്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ കമ്മീഷണര്‍ അങ്കിത് അശോകും സംഘാടകരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഇക്കാര്യം അറിയിക്കാന്‍ അജിത് കുമാറിനെ പല തവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും കെ രാജന് ഡിജിപിക്ക് മുന്‍പാകെ മൊഴി നല്കി. എന്നാല്‍ മന്ത്രിയെ തള്ളുന്നതായിരുന്നു അജിത് കുമാറിന്റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചപ്പോഴേക്കും താന്‍ ഉറങ്ങിപ്പോയെന്നും പിറ്റേദിവസം രാവിലെയാണ് പ്രശ്നങ്ങള്‍ അറിഞ്ഞതെന്നുമായിരുന്നു അജിത് കുമാര്‍ പറഞ്ഞത്. വിശദമായ മൊഴികളുടെ അടിസ്ഥാനത്തിലും മറ്റും നടത്തിയ അന്വേഷണത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു. അന്വേഷണം പ്രഖ്യാപിച്ച് പതിനൊന്ന് മാസം പിന്നിടുമ്പോഴാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Content Highlights- DGP handed over report against adgp ajith kumar on thrissur pooram issue