
കൊല്ലം: വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊട്ടാരക്കരയിലുണ്ടായ അപകടത്തിൽ അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സാബു. പൊലിക്കോട് ആനാട് വെച്ച് സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. സാബുവാണ് കാർ ഓടിച്ചിരുന്നത്.
എതിർ ദിശയിൽ നിന്ന് വന്ന ജീപ്പ് സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കവെ സാബു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎൽ 24 ബി 3446 നമ്പർ വാഗൺ ആർ കാറിലായിരുന്നു സാബു സഞ്ചരിച്ചത്. കെഎൽ 02 ബിഡബ്ല്യു 2027 നമ്പർ പിക്കപ്പ് ജീപ്പുമായാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനം മറിയുകയും കാർ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിക്കപ്പ് ജീപ്പ് മറികടക്കാൻ ശ്രമിച്ച സ്കൂട്ടറും മറിഞ്ഞു. ഇവർക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സാബുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: police officer died in accident at kollam