
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പഴയ പ്രസംഗങ്ങള്‍ ആയുധമാക്കിയുള്ള എതിര്‍ചേരിയുടെ പ്രചാരണത്തിന് മറുപടിയുമായി കെ മുരളീധരന്‍. ആര്യാടന്‍ മുഹമ്മദിനെതിരെ കെ എം ഷാജി അടക്കമുള്ള മുസ്‌ലിം ലീഗ് നേതാക്കള്‍ മുന്‍പ് നടത്തിയ പ്രസംഗം പ്രചാരണായുധമാക്കുന്നതിനെതിരായാണ് കെ മുരളീധരന്‍ രംഗത്തെത്തിയത്. മുതിര്‍ന്ന സിപിഐഎം നേതാവ് ടി കെ ഹംസ ഡിസിസി പ്രസിഡന്റായിരിക്കെ എകെജിക്കെതിരെ നടത്തിയ പരാമര്‍ശം ഓര്‍പ്പിച്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി.
'ടി കെ ഹംസ ഡിസിസി പ്രസിഡന്റായിരുന്നു. അന്ന് അദ്ദേഹം സിപിഐഎമ്മിനെതിരെ എന്തൊക്കെ പറഞ്ഞു. ചാനലൊന്നും ഉണ്ടായിരുന്നില്ല. എകെജി നിരാഹാരം കിടന്നപ്പോള്‍ ഇതേ ഹംസ പറഞ്ഞത് ഏഴ് ദിവസം പട്ടിണി കിടന്നിട്ടും ചാവാത്തതെന്തേ ഗോപാലാ എന്നാണ്. അതൊക്കെ അന്നത്തെ സാഹചര്യം. ഇന്ന് അദ്ദേഹം സിപിഐഎമ്മിനൊപ്പം നിന്ന് തങ്ങളെ വിമര്‍ശിക്കുകയാണ്. അതൊക്കെ നയമാണ്. പഴയ കാര്യങ്ങളാണ്', കെ മുരളീധരന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി പ്രസ് കോണ്‍ഫറന്‍സിലാണ് പ്രതികരണം.
ആര്യാടന്‍ മുഹമ്മദ് മുസ്ലീം ലീഗിനെതിരെ നേരത്തെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് നിലവില്‍ പ്രസക്തിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. 'ലീഗിന് ആര്യാടനോട് വിരോധമൊന്നുമുണ്ടാവില്ല. പഴയതിനൊക്കെ ഇപ്പോള്‍ എന്താ പ്രസക്തി. കാലം മാറിയല്ലോ. ആര്യാടന്‍ മുഹമ്മദ് ലീഗിനെതിരെ പ്രസംഗിച്ചിട്ടുണ്ടെന്ന് കരുതി ലീഗിന്റെ കൂടി വോട്ട് കിട്ടിയല്ലേ അദ്ദേഹം വിജയിച്ചത്', എന്നും കെ മുരളീധരന്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നും കെ മുരളീധരന്‍ ആത്മവിശ്വാസം പങ്കുവെച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എളുപ്പത്തില്‍ വിജയിക്കാവുന്ന മണ്ഡലം എന്നൊന്നില്ല. തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും കടുത്ത മത്സരമായിരുന്നു. നിലമ്പൂരില്‍ യുഡിഎഫിന് ശക്തിയുണ്ടായിരുന്ന കാളിക്കാവ് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ വണ്ടൂരിലേക്ക് പോയി. പുതിയ നിലമ്പൂര്‍ ഇരുമുന്നണികള്‍ക്കും സമാസമം നില്‍ക്കുന്ന മണ്ഡലമാണെങ്കിലും ചെറിയൊരു മുന്‍തൂക്കം കോണ്‍ഗ്രസിനുണ്ടെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്.
Content Highlights: K Muraleedharan Against aryadan muhammed Old speech at Nilambur