

കോതമംഗലം: കോതമംഗലം എംഎ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണവുമായി സഹപാഠികള്‍. ഇയര്‍ ബാക്ക് ഭയന്നാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് സഹപാഠികള്‍ ആരോപിച്ചു. കഴിഞ്ഞ ഒരുമാസമായി വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റിയില്ലെന്നും ഇതിലുള്ള മനോവിഷമം നേരിട്ടിരുന്നുവെന്നും സഹപാഠികള്‍ ആരോപിച്ചു.
'മിര്‍ച്ചി മാര്‍പ്പു മരിച്ചതിന് ഒറ്റക്കാരണം എംഎ കോളേജാണ്. ഒരു ഒഫീഷ്യല്‍ മെസ്സേജ് പോലും ഇല്ലാതെ ഇവരെ ഒന്നരമാസമായി ക്ലാസില്‍ നിന്നും പുറത്താക്കി. എല്ലാ അറ്റന്‍ഡന്‍സ് ലിസ്റ്റില്‍ നിന്നും പേര് നീക്കി. ഇക്കാര്യം തിരക്കിയപ്പോള്‍ ഇതൊരു ഓട്ടണോമസ് കോളേജാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്. ഇവര്‍ക്കാണെങ്കില്‍ ഭാഷാ പരിമിധിയുമുണ്ട്. ഒറ്റപ്പെട്ട കേസ് ആക്കി മാറ്റാനാണ് കോളേജ് ശ്രമം', സഹപാഠികള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു എംഎ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അരുണാചല്‍ പ്രദേശ് സ്വദേശി മിര്‍ച്ചി മാര്‍പ്പുവിനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
മിര്‍ച്ചി മാര്‍പ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. തങ്ങള്‍ ചിലര്‍ വിചാരിച്ചതുകൊണ്ടുമാത്രമാണ് മാധ്യമങ്ങളെ അറിയിക്കാന്‍ സാധിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രിന്‍സിപ്പിലിന് പരാതി നല്‍കിയെങ്കിലും പുച്ഛിച്ച് തള്ളുകയായിരുന്നു. പലരും പഠനം നിര്‍ത്തിപ്പോയി. സ്വയംഭരണാധികാരമുള്ളതുകൊണ്ട് തങ്ങള്‍ക്ക് തീരുമാനിക്കാം എന്നാണ് കോളേജിന്റെ നിലപാട്. വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥ പോലും പരിഗണിക്കുന്നില്ല. ഇയര്‍ ബാക്കായ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് പ്രിന്‍സിപ്പലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വേണമെങ്കില്‍ പഠിച്ചാല്‍ മതിയെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയാണ് ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Content Highlights: Classmates have raised serious allegations following the death of an engineering student at MA College in Kothamangalam