
മലപ്പുറം: എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പെന്‍ഷന്‍ എപ്പോഴും കൊടുക്കണമെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞതെന്നും മലയാളം മനസിലാകുന്നവര്‍ക്ക് അത് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ സി പറഞ്ഞത് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്ഷേമപെന്‍ഷനെ കൈക്കൂലിയാക്കുന്നുവെന്ന കെ സി വേണുഗോപാലിന്റെ പരാമര്‍ശം എല്‍ഡിഎഫ് വിവാദമാക്കിയതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ജനങ്ങളുടെ മനസ്സില്‍ ഉള്ളത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതൊക്കെ ചിന്തിക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചര്‍ച്ചയാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്തെക്കുറിച്ച് പറയുന്നത് സത്യമല്ലല്ലോയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.'ഇത്ര സമാധാനം ഉള്ള വേറെ ജില്ല ഉണ്ടോ? ഒരു പ്രശ്‌നവും മലപ്പുറത്ത് ഇല്ല. അതൊക്കെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് സ്വാഭാവികമാണ്. ജനങ്ങള്‍ മൊത്തം അസംതൃപ്തരാണ്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ജനകീയ വിഷയങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. യുഡിഎഫ് കണ്‍വെന്‍ഷന്‍ വലിയ വിജയം ആയിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഒടുക്കം വരെ ഒരു കുട്ടിയും പന്തലില്‍ നിന്നും പോയിട്ടില്ല', പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് ദേശീയ പാത വീണ്ടും തകര്‍ന്ന സംഭവത്തിലും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കൂരിയാടിന്റെ തുടര്‍ച്ചയാണ് വലിയപറമ്പിലേതെന്നും പൊട്ടി വീണില്ലെന്നെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒട്ടാകെ വിള്ളല്‍ ഉണ്ടെന്നും അശാസ്ത്രീയ ഡിസൈന്‍ ആണെന്ന് അവര്‍ തന്നെ സമ്മതിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'റോഡ് പോകുന്ന എല്ലായിടത്തും ആശങ്ക ഉണ്ട്. കൂരിയാട് പാലം വേണ്ടി വരും. എന്ത് വേണം എന്ന് പറയേണ്ടത് അവര്‍ ആണ്. മഴ തുടങ്ങിയിട്ടേ ഉള്ളൂ. ദേശീയപാത കണ്ട് കഴിഞ്ഞാല്‍ മൊത്തം അന്വേഷണം വേണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ചര്‍ച്ച നല്ലതാണ്. ഫലം സ്വീകാര്യമല്ലെങ്കില്‍ പ്രക്ഷോഭം ഉണ്ടാവും', പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlights: P K Kunhalikkutty supports K C Venugopal on Pension row