
തിരുവനന്തപുരം: അര്‍ധരാത്രിയില്‍ പി വി അന്‍വറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച നടപടിയെ യുഡിഎഫും കോണ്‍ഗ്രസും പരസ്യമായി തള്ളിയതോടെ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തന്റെ പ്രവൃത്തി തെറ്റാണെന്ന് നേതൃത്വം പറഞ്ഞെങ്കില്‍ അത് അംഗീകരിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ശകാരിച്ചാലോ ഇല്ലെങ്കിലോ അതൊന്നും മാധ്യമങ്ങളോട് പറയേണ്ടതില്ല. പാര്‍ട്ടിയാണ് ആത്യന്തികമായി വലുതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
'പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ശകാരിച്ചാലോ ഇല്ലെങ്കിലോ മാധ്യമങ്ങളോട് പറയേണ്ടതില്ലല്ലോ. നേതൃത്വം തെറ്റാണെന്ന് പറഞ്ഞെങ്കില്‍ അത് അംഗീകരിക്കുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയാണ് അന്‍വറുമായി നടത്തിയത്. ആരും ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലല്ല കൂടിക്കാഴ്ച. പാര്‍ട്ടി പറഞ്ഞതാണ് ശരി. ആത്യന്തികമായി പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയോട് പറയേണ്ട കാര്യങ്ങള്‍ അവിടെ പറയും. ഈ സര്‍ക്കാര്‍ താഴെ ഇറക്കേണ്ടത് ഓരോ പ്രവര്‍ത്തകന്റേയും ആഗ്രഹമാണ്', എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പ്രവൃത്തി സിപിഐഎമ്മിന് വടികൊടുത്തപോലെയായോ എന്ന ചോദ്യത്തോട് വടികിട്ടിയോ എന്ന് 23 ന് അറിയാം എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. സംഘിസം പോലെതന്നെയാണ് പിണറായിസം. അതിനെ എതിര്‍ക്കുന്ന ആരോടും ഐക്യപ്പെടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിലമ്പൂരിലെ വീട്ടിലെത്തി പി വി അന്‍വറിനെ സന്ദര്‍ശിച്ചത്. രാഹുല്‍ അന്‍വറിന്റെ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. യുഡിഎഫിലേക്ക് ഇല്ലെന്നും തന്നെ ആരും വിളിക്കേണ്ടെന്നും അന്‍വര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ അന്‍വറിനെ സന്ദര്‍ശിച്ച രാഹുലിന്റെ നടപടിയാണ് രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴിവെച്ചത്. പിന്നാലെ രാഹുലിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ പോയി കണ്ടതെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. അനുനയത്തിന് ജൂനിയര്‍ എംഎല്‍എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോയെന്ന് ചോദിച്ച വി ഡി സതീശന് രാഹുലിന്റെ പ്രവൃത്തി തെറ്റാണെന്നും പറഞ്ഞിരുന്നു.
Content Highlights: If the leadership says it's wrong accepted rahul mamkootathil over P V Anvar Meet