
ദോഹ: ദോഹ മെട്രോ യാത്രക്കാർക്ക് സന്തോഷം നൽകുന്ന വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഖത്തർ റെയിൽ. 30 ദിവസം വീതം കാലാവധിയുള്ള മെട്രോ ടിക്കറ്റ് തടർച്ചയായി മൂന്ന് മാസത്തേക്ക് വാങ്ങിയാൽ നാലാം മാസത്തേക്ക് ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫറാണ് യാത്രക്കാർക്കായി ഖത്തർ റെയിൽ അവതരിപ്പിച്ചിരിക്കുന്നത്. ' Buy Three, Get One Free' എന്ന ടാഗ് ലൈനോടെയാണ് മെട്രോ പാസ് പ്രഖ്യാപിച്ചത്. ജൂൺ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.
ജൂൺ ഒന്ന് മുതൽ 30 വരെയുള്ള ഇടവേളയിൽ ഒരു മാസത്തെ ടിക്കറ്റ് സ്വന്തമാക്കുന്നവർക്കാണ് ഈ ഓഫർ ലഭിക്കുന്നതെന്ന് ദോഹ മെട്രോ അറിയിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഇതേ തരത്തിൽ മെട്രോ പാസ് നിലനിർത്തുന്നവർക്കാണ് സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ ഒരു മാസത്തെ സൗജന്യ പാസ് ലഭിക്കുക. ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റാൻഡേർഡ് ട്രാവൽ കാർഡുള്ള യാത്രക്കാർക്കാണ് ഈ ഓഫർ ലഭ്യമാവുകയെന്ന് അധികൃതർ അറിയിച്ചു.
ഓരോ മാസവും മെട്രോ പാസ് വാങ്ങുമ്പോഴും യാത്രക്കാർ രജിസ്റ്റർ ചെയ്ത ട്രാവൽ കാർഡ് ദോഹ മെട്രോ സ്റ്റേഷനുകളിലെ ഗോൾഡ് ക്ലബ് ഓഫീസിൽ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. ഒരേ ട്രാവൽ കാർഡിൽ തന്നെയായിരിക്കണം യാത്രക്കാർ മൂന്ന് മാസവും ട്രാവൽ പാസ് വാങ്ങേണ്ടത്. എങ്കിൽ മാത്രം നാലാം മാസം സൗജന്യ പാസ് ലഭിക്കുകയുള്ളൂ. 120 റിയാലാണ് 30 ദിവസത്തേക്കുള്ള പാസിന്റെ നിരക്ക്. കാർഡിന്റെ 30 ദിവസത്തെ കാലാവധി കഴിഞ്ഞാൽ മാത്രമേ അടുത്ത പാസ് വാങ്ങാൻ സാധിക്കൂ. സ്റ്റാൻഡേർഡ് അല്ലെങ്കിൽ ഫാമിലി ക്ലാസ് കംപാർട്മെന്റിൽ മാത്രമായിരിക്കും യാത്രക്കാർക്കാർക്ക് യാത്ര ചെയ്യാൻ അവസരം. ട്രാവൽ പാസ് എടുക്കുന്ന ഉടമയ്ക്ക് മാത്രമേ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കൂ. പരിശോധനക്കിടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാൻ ജീവനക്കാർക്ക് അവകാശമുണ്ട്.
Content Highlights: Doha metro offers free travel in fourth month for those purchase three month travel pass