'നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കും, സ്വതന്ത്രരെ പരീക്ഷിച്ചാലും സിപിഐഎം വിജയിക്കില്ല'; സാദിഖലി തങ്ങള്‍

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞിരുന്നു.

dot image

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സ്വതന്ത്രരെ പരീക്ഷിച്ചാലും സിപി ഐഎം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലീഗ് ഇടപെട്ടിട്ടില്ല. യുഡിഎഫില്‍ പ്രാദേശിക പ്രശ്‌നങ്ങളില്ല. ലീഗ്-കോണ്‍ഗ്രസ് പ്രാദേശിക തര്‍ക്കം തീര്‍ന്നതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞിരുന്നു. നല്ല സ്ഥാനാര്‍ഥികളായി ഒന്നിലേറെ പേരുണ്ടെന്നും അതില്‍ നിന്ന് ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പിവി അന്‍വര്‍ ഇഫക്ട് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. അന്‍വറിന്റെ ഉയര്‍ത്തിയ കാര്യങ്ങള്‍ക്കൊന്നും സിപിഐഎമ്മിന് മറുപടി പറയാന്‍ പറ്റിയിട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നയത്തെ അന്‍വര്‍ തുറന്നുകാട്ടി. ജനപക്ഷത്തുനിന്ന് ശരിയായ നിലപാട് സ്വീകരിച്ചയാളാണ് അന്‍വര്‍. നിലമ്പൂരില്‍ 'ജോയ്ഫുള്‍' മാത്രമല്ല ചിയര്‍ഫുള്‍ ആയ സ്ഥാനാര്‍ത്ഥിയും കൂടിയാകും ഉണ്ടാകുക എന്നും ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സുസജ്ജമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ തന്നെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ രണ്ട് പേരിലേക്ക് ചുരുക്കിയത് മാധ്യമങ്ങളാണെന്നും കൂടുതല്‍ പേരുകള്‍ പരിഗണനയിലുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് നടക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അന്‍വര്‍ യുഡിഎഫിന്റെ കൂടെയുണ്ടാകുമെന്നും മുന്നണിയുടെ ഭാഗമാകുന്നത് എങ്ങനെയെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പ്രചാരണത്തില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യും. സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി പാര്‍ട്ടി ചിഹ്നത്തില്‍ ഉണ്ടാകുമോ എന്ന് ചോദിക്കണം. പാലക്കാട്ടെ ഗതികേട് സിപിഐഎമ്മിന് നിലമ്പൂരിലും ഉണ്ടാകുമോ എന്നറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പി വി അന്‍വര്‍ ആദ്യം പറഞ്ഞ നിലപാട് പിന്നീട് മാറ്റിയിരുന്നു. സ്ഥാനാര്‍ഥിയായി ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കുമെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട്', വി ഡി സതീശന്‍ പറഞ്ഞു.

dot image
To advertise here,contact us
dot image