
നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ഭേദം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍. കേന്ദ്രത്തേക്കാള്‍ ഫാസിസ്റ്റ് ഭരണം നടക്കുന്നത് ഇവിടെയാണെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോടായിരുന്നു അന്‍വറിന്റെ പ്രതികരണം.
'ആശ സമരക്കാരോട് എന്നോട് ചോദിക്കാതെ എന്തിന് സമരം ചെയ്‌തെന്നാണ് വാശിപ്പുറത്ത് ചോദിക്കുന്നത്. പിണറായിയോട് ചോദിക്കാതെ സമരം ചെയ്താല്‍ മോദിയുമായി എന്ത് വ്യത്യാസം. ഇതിനേക്കാള്‍ ഭേദം മോദിയല്ലേ. ജനകീയ സമരങ്ങളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുകയാണ്. കേന്ദ്രത്തേക്കാള്‍ ഫാസിസ്റ്റ് ഭരണം നടക്കുന്നത് ഇവിടെയല്ലേ. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും', അന്‍വര്‍ പറഞ്ഞു.
ദേശീയ പാത വിള്ളലില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും അന്‍വര്‍ വിമര്‍ശിച്ചു. ഇത്രയും ദുരന്തം കേരളത്തിലുണ്ടായിട്ട് പിഡബ്ല്യുഡി മന്ത്രിയുടെ ധാര്‍മിക ഉത്തരവാദിത്തമാണ് സ്ഥലം സന്ദര്‍ശിക്കുകയെന്നതെന്നും എന്തുകൊണ്ടാണ് അത് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. 'എന്താണ് മന്ത്രിക്ക് ശേഷിയില്ലാത്തത്. റീല് കൊണ്ട് മാത്രം കേരളത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാമെന്ന് വിചാരിച്ചോ. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ മുന്നില്‍ വന്ന് നിന്ന് നേരിടുന്നവനാണ് നേതാവ്. അതുകൊണ്ടാണ് മൂക്കാതെ പഴുത്തതാണെന്ന് ഞാന്‍ പറഞ്ഞത്. ചവിട്ടി കൂട്ടി പഴുപ്പിച്ച് വെച്ചതാണ് ഈ മന്ത്രിയെ', അന്‍വര്‍ പറഞ്ഞു. മന്ത്രി ഓടിയൊളിക്കുകയാണെന്നും ഇത്രമാത്രം അധൈര്യം ഉള്ളയാള്‍ എങ്ങനെ നയിക്കുമെന്നും അന്‍വര്‍ ചോദിച്ചു.
അതേസമയം ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.
Content Highlights: PV Anvar say that Narendra Modi better than Pinarayi Vijayan