ഊട്ടിയില്‍ മരം വീണ്, വിനോദയാത്രയ്‌ക്കെത്തിയ പതിനഞ്ചുകാരന് ദാരുണാന്ത്യം

ഇന്ന് നാട്ടിലേക്ക് തിരികെ മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്

dot image

ഗൂഡല്ലൂര്‍: ഊട്ടിയില്‍ മരംവീണ്, വിനോദയാത്രയ്‌ക്കെത്തിയ പതിനഞ്ചുകാരന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശിയായ ആദിദേവ് ആണ് മരം തലയില്‍ വീണ് മരണപ്പെട്ടത്. വടകര മുകേരിയിലെ പ്രസീതിന്റെയം രേഖയുടെയും മകനാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഊട്ടി -ഗൂഡല്ലൂര്‍ ദേശീയപാതയിലെ പൈന്‍ ഫോറസ്റ്റ് എന്നറിയപ്പെടുന്ന ട്രീ പാര്‍ക്ക് ടൂറിസ്റ്റ് സെന്ററിലാണ് അപകടമുണ്ടായത്.

മെയ് 23-നാണ് ആദിദേവ് ഉള്‍പ്പെടെയുളള പതിനാലംഗ സംഘം ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയത്. ഇന്ന് നാട്ടിലേക്ക് തിരികെ മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ എട്ടാംമൈലില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ഊട്ടി ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ഊട്ടി പൈക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴ തുടരുന്നതിനാല്‍ ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

Content Highlights: 15 Year old boy dies after tree fell on him in ootty during a vacation trip

dot image
To advertise here,contact us
dot image