
പ്രീമിയര്‍ ലീഗ് സീസണ്‍ വിജയത്തോടെ അവസാനിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. അമദ് ഡിയല്ലോ, ക്രിസ്റ്റിയന്‍ എറിക്‌സണ്‍ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോള്‍ നേടിയത്.
Rounding off our #PL campaign with a win 👊#MUFC || #MUNAVL
— Manchester United (@ManUtd) May 25, 2025
ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. വില്ലയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് മികച്ച സേവുകളുമായി യുണൈറ്റഡിന്റെ മുന്നേറ്റത്തെ തടഞ്ഞു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മത്സരത്തിലെ നിര്‍ണായക വഴിത്തിരിവ് സംഭവിച്ചു.
റസ്മസ് ഹോയ്‌ലണ്ടിനെ ഫൗള്‍ ചെയ്തതിന് വില്ലയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ വില്ലയ്ക്ക് മാര്‍ക്കോ അസെന്‍സിയോയെ പിന്‍വലിച്ച് ബാക്കപ്പ് ഗോള്‍കീപ്പര്‍ റോബിന്‍ ഓള്‍സനെ കളത്തിലിറക്കേണ്ടി വന്നു. രണ്ടാം പകുതിയിലുടനീളം പത്ത് പേരുമായാണ് വില്ലയ്ക്ക് കളിക്കേണ്ടിവന്നത്.
മത്സരത്തിന്റെ 76-ാം മിനിറ്റില്‍ ഒരു ഹെഡറിലൂടെ അമദ് ഡിയല്ലോ വില്ലയുടെ വലകുലുക്കി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മനോഹരമായ അസിസ്റ്റായിരുന്നു മത്സരത്തിലെ ആദ്യഗോളിന് വഴിയൊരുക്കിയത്. പിന്നീട് 87-ാം മിനിറ്റില്‍ വില്ലയുടെ ഒരു ഹാന്‍ഡ്‌ബോളിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ലക്ഷ്യത്തിലെത്തിച്ചു, ഓള്‍ഡ് ട്രാഫോര്‍ഡിലെ അദ്ദേഹത്തിന്റെ അവസാന ഹോം മത്സരം കളിക്കുന്ന എറിക്‌സണ് മികച്ച വിടവാങ്ങല്‍ കൂടിയായി ഇത്.
യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ സീസണാണ് കഴിഞ്ഞുപോയത്. 15-ാം സ്ഥാനത്താണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. വില്ലയ്ക്കും ഈ പരാജയം കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. യുണൈറ്റഡിനെതിരായ പരാജയത്തോടെ വില്ലയ്ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടപ്പെട്ടു, ആറാം സ്ഥാനത്താണ് അവര്‍ സീസണ്‍ ഫിനിഷ് ചെയ്തത്.
Content Highlights: Aston Villa miss out on Champions League spot as Manchester United claim final-day win