
ന്യൂഡല്‍ഹി: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് പിടിക്കപ്പെട്ട ഹരിയാനക്കാരി ജ്യോതി മല്‍ഹോത്ര രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നു. എല്ലാ രാജ്യദ്രോഹികളെയും ദേശവിരുദ്ധരെയും രാഹുല്‍ ഗാന്ധിക്കൊപ്പം കാണാം. രാജ്യത്തെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണോ എന്ന് ചോദിക്കുന്ന തരത്തിലാണ് എക്‌സില്‍ ചില തീവ്ര വലതുപക്ഷ ഹാന്‍ഡിലുകള്‍ ചിത്രം പ്രചരിപ്പിക്കുന്നത്.
എന്നാല്‍ ജ്യോതി മല്‍ഹോത്രയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ചിത്രമാണ്. റായ്ബറേലിയില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകയായ അതിഥി സിംഗാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ചിത്രത്തിലുണ്ടായിരുന്നത്. 2018-ല്‍ അതിഥി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണിത്. അന്ന് ജ്യോതി മല്‍ഹോത്ര യൂട്യൂബ് ചാനല്‍ പോലും തുടങ്ങിയിട്ടില്ലായിരുന്നു. ഇപ്പോള്‍ വൈറലാകുന്ന ചിത്രത്തില്‍ ജ്യോതി മല്‍ഹോത്രയുടെ മുഖം ഫെയ്‌സ് സ്വാപ്പ് ചെയ്ത് മാറ്റം വരുത്തിയതാണ്. ഈ ചിത്രമാണ് ബിജെപി, സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ജ്യോതി മല്‍ഹോത്ര എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
ഹരിയാന സ്വദേശിയായ യൂട്യൂബർ ജ്യോതി മൽഹോത്ര എന്ന ജ്യോതി റാണി ഉൾപ്പെടെ ആറ് പേരാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായത്. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ മുഖേന പാക് ചാരസംഘടനയിൽപ്പെട്ടവർക്ക് ജ്യോതി പലവിവരങ്ങളും കൈമാറിയതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ജ്യോതി വിവരങ്ങൾ പങ്കുവച്ചത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഹിസാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനിത ട്രാവൽ വ്ലോഗറാണ് ജ്യോതി മൽഹോത്ര. 'ട്രാവൽ വിത്ത് ജോ' എന്നാണ് ജ്യോതിയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023ലും, 2024ലും ഇവർ പാകിസ്താൻ സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും, യൂട്യൂബ് ചാനലിലൂടെയും പാകിസ്ഥാനെക്കുറിച്ച് നല്ലത് പറഞ്ഞ് പോസിറ്റീവ് ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പാക് ഏജൻസികൾ ജ്യോതിയെ ഏൽപ്പിച്ച ചുമതലയെന്നാണ് സൂചനകൾ. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി അറസ്റ്റിലായ ചാരശൃംഖലയിലെ അംഗങ്ങളുമായും ജ്യോതിക്ക് ബന്ധമുള്ളതായി വിവരങ്ങൾ പുറത്തുവന്നിരുന്നു.
Content Highlights: Photo of rahul gandhi with jyoti malhotra spreading in social media is fake