ഏതെങ്കിലും ഭക്ഷണത്തോട് അലര്‍ജിയുണ്ടോ...വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ലളിതമായ ടെസ്റ്റിലൂടെ കണ്ടെത്താം

ഭക്ഷണത്തോടുള്ള അലര്‍ജി തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്

dot image

ഒരു പ്രത്യേക ഭക്ഷണം കഴിച്ചയുടനെ ഉണ്ടാകുന്ന രോഗപ്രതിരോധ പ്രതികരണത്തെയാണ് ഭക്ഷണ അലര്‍ജി എന്ന് വിളിക്കുന്നത്. ചില വ്യക്തികള്‍ക്ക് ഭക്ഷണ അലര്‍ജി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കോ അനഫലാക്സിസ് (കടുത്ത അലര്‍ജി പ്രതിപ്രവര്‍ത്തനം ഉണ്ടാകുമ്പോഴാണ് അനാഫൈലക്‌സിസ് ഉണ്ടാകുന്നത്. സാധാരണയായി, ചില ഭക്ഷണങ്ങള്‍ കഴിച്ചതിനു ശേഷമോ ഒരു പ്രാണിയുടെ കുത്തേറ്റതിനു ശേഷമോ ആണ് ഇത് സംഭവിക്കുന്നത്) എന്ന മാരകമായ അവസ്ഥയിലേക്കോ നയിക്കും.

നിങ്ങള്‍ക്ക് ഭക്ഷണ അലര്‍ജി ഉണ്ടോ എന്ന് കണ്ടെത്താന്‍ ചില പ്രത്യേക പരിശോധനകള്‍ ആവശ്യമാണ്. എന്നാല്‍ പരിശോധനകളില്ലാതെ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ഒരു ടെസ്റ്റിലൂടെ നിങ്ങള്‍ക്ക് സ്വയം ഏത് ഭക്ഷണത്തോടാണ് അലര്‍ജിയുള്ളതെന്ന് കണ്ടെത്താന്‍ സാധിക്കും.

പ്രതികരണങ്ങള്‍ നിരീക്ഷിക്കാം

ഒരു വ്യക്തിക്ക് എന്തെങ്കിലും അലര്‍ജിയുണ്ടോ എന്ന് കണ്ടെത്താനുള്ള ഒരു മാര്‍ഗം ശരീരത്തിലുണ്ടാകുന്ന പ്രതികരണങ്ങള്‍ നിരീക്ഷിക്കുക എന്നതാണ്. ചൊറിച്ചില്‍, നീര്‍വീക്കം, തൊലിപ്പുറത്തെ ചുവപ്പ് നിറം, ദഹന പ്രശ്‌നങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും. കൂടാതെ ലക്ഷണങ്ങള്‍ എപ്പോള്‍ സംഭവിക്കുന്നു, എത്ര തവണ വരുന്നു, അതിന്റെ തീവ്രത, സമയം എന്നിവയെല്ലാം നിരീക്ഷിക്കണം.

ട്രിഗറുകള്‍ തിരിച്ചറിയുക

നോയിഡയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി ഡയറക്ടര്‍ ഡോ. മണിക് ശര്‍മയുടെ അഭിപ്രായത്തില്‍ ' പ്രേരകങ്ങളെ തിരിച്ചറിയുന്നതിലൂടെ ലക്ഷണങ്ങള്‍ക്ക് കാരണമായ ഭക്ഷണ ഉത്പന്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയും' എന്നാണ്.
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഏതാണ് അലര്‍ജിക്ക് കാരണമാകുന്നത് എന്ന് തിരിച്ചറിയാന്‍ കഴിയും. എല്ലാ ഭക്ഷണ അലര്‍ജികളും അവ കഴിച്ച് അപ്പോള്‍ത്തന്നെ അറിയാന്‍ സാധിക്കില്ല. ചില ലക്ഷണങ്ങള്‍ മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും പ്രത്യക്ഷപ്പെടുന്നത്.

എലിമിനേഷന്‍ ഡയറ്റ് പരീക്ഷിക്കാം

ഒരു എലിമിനേഷന്‍ ഡയറ്റ് പരീക്ഷിച്ചുനോക്കിയാല്‍ നിങ്ങളുടെ ഭക്ഷണ അലര്‍ജിയെക്കുറിച്ച് സ്വയം ഒരു ധാരണ ലഭിക്കും. രണ്ടോ മൂന്നോ ആഴ്ചത്തേക്ക് നിങ്ങളുടെ ഭക്ഷണത്തില്‍നിന്ന് സംശയാസ്പദമായ ഒന്ന് , അതായത് പാല്, ഗോതമ്പ്, മുട്ട അങ്ങനെ സംശയമുള്ള ഏതെങ്കിലും. ഭക്ഷണത്തില്‍നിന്ന് അവ ഒഴിവാക്കി നോക്കുക. നിങ്ങളുടെ അലര്‍ജി ലക്ഷണങ്ങള്‍ മെച്ചപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. പിന്നീട് കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും ഇതേ ഭക്ഷണം കഴിച്ച ശേഷം നിരീക്ഷിക്കുക. ഇതിലൂടെ ഏത് ഭക്ഷണമാണ് വില്ലനെന്ന് തിരിച്ചറിയാന്‍ സാധിക്കും.

ലക്ഷണങ്ങള്‍ പരിശോധിക്കാം

തുമ്മല്‍, ചുമ, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഭക്ഷണ അലര്‍ജിയുടെ ആദ്യ ലക്ഷണങ്ങളാണിവ. വായില്‍ നീര്‍വീക്കം, കവിളുകളുടെ ഉള്ളില്‍ ഇക്കിളി അനുഭവപ്പെടുക ഈ ലക്ഷണങ്ങളൊന്നും അവഗണിക്കരുത്. അലര്‍ജികള്‍ യഥാസമയം തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഒരു മെഡിക്കല്‍ പ്രൊഫഷണലിന്റെ സഹായം തേടുക എന്നതാണ്. ലക്ഷണങ്ങള്‍ വീണ്ടും വരികയും ഗുരുതരമാവുകയും ചെയ്താല്‍ ഭാവിയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ ഡോക്ടറുടെ സേവനം അത്യാവശ്യമാണ്.

Content Highlights :Are you allergic to any food? A simple test you can do at home can help you detect food allergies

dot image
To advertise here,contact us
dot image