
കൊച്ചി: യൂട്യൂബ് വീഡിയോയിലൂടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ മാപ്പുപറഞ്ഞ് മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ. സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ അധിക്ഷേപ പരാമര്‍ശം വിവാദമായതോടെയാണ് വീഡിയോ പിന്‍വലിച്ച് കെമാല്‍ പാഷ ക്ഷമാപണം നടത്തിയത്. 'ജസ്റ്റിസ് കെമാല്‍ പാഷ വോയ്‌സ്' എന്ന പേരിലുളള യൂട്യൂബ് ചാനലിലൂടെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കെതിരെ കെഎം എബ്രഹാം വക്കീല്‍നോട്ടീസ് അയക്കുകയായിരുന്നു. തുടര്‍ന്നാണ് കെമാല്‍ പാഷ വീഡിയോ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചുകൊണ്ട് വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയത്.
കെഎം എബ്രഹാമിനെതിരെ വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെയാണ് അധിക്ഷേപ പരാമര്‍ശങ്ങളുള്‍പ്പെട്ട വീഡിയോകള്‍ കെമാല്‍ പാഷ സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്. ഏപ്രില്‍ പതിനൊന്നിനും ഇരുപത്തിയൊന്നിനും അപ്പ്‌ലോഡ് ചെയ്ത വീഡിയോകളിലാണ് അധിക്ഷേപ പരാമര്‍ശങ്ങളുണ്ടായിരുന്നത്. കെഎം എബ്രഹാമിനെ കാട്ടുകളളന്‍, അഴിമതി വീരന്‍, കൈക്കൂലി വീരന്‍ തുടങ്ങിയ പരാമര്‍ശങ്ങളിലൂടെയാണ് കെമാല്‍ പാഷ അധിക്ഷേപിച്ചത്.
തന്റെ സേവനകാലയളവില്‍ ഉണ്ടാക്കിയ സല്‍പ്പേരിന് കളങ്കംചാര്‍ത്തി കുടുംബത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കുമിടയില്‍ തന്നെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിലാണ് ഉന്നത ന്യായാധിപ സ്ഥാനത്തിരുന്ന കെമാല്‍ പാഷ അധിക്ഷേപ പരാമര്‍ശം നടത്തിയതെന്നും വീഡിയോ പിന്‍വലിച്ച് പരസ്യമായി മാപ്പുപറയുകയും മാപ്പപേക്ഷ മുന്‍നിര പത്രങ്ങളിലടക്കം പ്രസിദ്ധീകരിക്കുകയും വേണമെന്നാണ് കെഎം എബ്രഹാം വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്യാത്തപക്ഷം 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതോടെയാണ് വീഡിയോകള്‍ പിന്‍വലിച്ച് കെമാല്‍ പാഷ മാപ്പുപറഞ്ഞത്. തനിക്ക് കെഎം എബ്രഹാമിനോട് വ്യക്തിപരമായി വൈരാഗ്യമൊന്നുമില്ലെന്നും കേട്ടറിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം അഴിമതിക്കാരനാണെന്ന് കരുതി വീഡിയോ ചെയ്യുകയായിരുന്നുവെന്നും വക്കീല്‍ നോട്ടീസിന് നല്‍കിയ മറുപടിയില്‍ കെമാല്‍ പാഷ പറയുന്നു. 'വീഡിയോയുടെ അനന്തരഫലങ്ങള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. എബ്രഹാമിനെതിരെ ഒരു കണ്ടെത്തലും ഇല്ലാത്തതുകൊണ്ടും കേസ് കോടതിയുടെ പരിഗണനയിലായതു കൊണ്ടും ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു. സുപ്രീംകോടതിയുടെ സ്‌റ്റേ വന്നതിനു ശേഷമായിരുന്നെങ്കില്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യില്ലായിരുന്നു. വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്തതില്‍ അതിയായ ഖേദമുണ്ട്. അത് സ്വീകരിച്ച് തുടര്‍നിയമനടപടികളിലേക്ക് കടക്കരുത്'-എന്നാണ് കെമാല്‍ പാഷ വക്കീല്‍നോട്ടീസിനുളള മറുപടിയില്‍ പറഞ്ഞത്.
Content Highlights: B Kemal pasha apologise and delete video against km abraham after receiving court notice