റണ്‍മല കയറാനായില്ല, തോല്‍വിയോടെ മടങ്ങി ചാംപ്യന്മാര്‍; അവസാന അങ്കത്തില്‍ ഹൈദരാബാദിന് കൂറ്റന്‍ വിജയം

ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയിരുന്നു

dot image

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ റണ്‍മല കയറാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തോല്‍വിയോടെ മടക്കം. അതേസമയം ലീഗിലെ അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയിരുന്നു. സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസന്റെയും അര്‍ധ സെഞ്ച്വറി ട്രാവിസ് ഹെഡിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 279 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത 18.4 ഓവറില്‍ 168 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

വെറും 39 പന്തില്‍ പുറത്താകാതെ 105 റണ്‍സ് നേടിയ ക്ലാസനാണ് സണ്‍റൈസേഴ്സിന്റെ ടോപ് സ്‌കോറര്‍. ഏഴ് ബൗണ്ടറികളും ഒന്‍പത് സിക്സറുകളും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്. ട്രാവിസ് ഹെഡ് (40 പന്തില്‍ 76), അഭിഷേക് ശര്‍മ്മ (16 പന്തില്‍ 32) എന്നിവര്‍ സണ്‍റൈസേഴ്സിന് മികച്ച തുടക്കം നല്‍കി. പവര്‍പ്ലേയില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇഷാന്‍ കിഷന്‍ 4 ഫോറും ഒരു സിക്‌സും സഹിതം 20 പന്തില്‍ 29 റണ്‍സടിച്ചു. അനികേത് വര്‍മ 6 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റെടുത്തു. വൈഭവ് അറോറ ഒരു വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 18.4 ഓവറില്‍ 168 റണ്‍സിന് എല്ലാവരും പുറത്തായി. സുനില്‍ നരെയ്ന്‍ (16 പന്തില്‍ 31), മനീഷ് പാണ്ഡെ (23 പന്തില്‍ 37), ഹര്‍ഷിത് റാണ (21 പന്തില്‍ 34) എന്നിവര്‍ക്ക് മാത്രമാണ് കുറച്ചെങ്കിലും ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.

അജിങ്ക്യ രഹാനെ (15), അംഗ്കൃഷ് രഘുവംശി (14), രമണ്‍ദീപ് സിംഗ് (13) എന്നിവര്‍ക്ക് മാത്രമാണ് പിന്നീട് കെകെആര്‍ നിരയില്‍ രണ്ടക്കം കടക്കാന്‍ സാധിച്ചത്. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി ജയദേവ് ഉനദ്കട്ട്, ഇഷാന്‍ മലിംഗ, ഹര്‍ഷ് ദുബെ എന്നീ എസ്ആര്‍എച്ച് ബൗളര്‍മാര്‍ കളംനിറഞ്ഞതോടെ കെകെആറിന് ഒരവസരത്തിലും കളിയിലേക്ക് തിരിച്ചുവരാനായില്ല. ഇതോടെ ആശ്വാസവിജയവുമായി ഹൈദരാബാദ് സീസണ്‍ അവസാനിപ്പിക്കുകയും ചെയ്തു.

Content Highlights: IPL 2025, SRH vs KKR: SunRisers signs off with huge 110-run win vs Knight Riders

dot image
To advertise here,contact us
dot image