ദേശീയപാത തകർച്ച; കൂടുതൽ കരാർ കമ്പനികൾക്കെതിരെ നടപടി ഉണ്ടായേക്കും; നടപടി നിഴലില്‍ മേഘ എന്‍ജിനിയറിങ് കമ്പനിയും

സൂഷ്മ പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കൈമാറണമെന്നാണ് മൂന്നംഗ സമിതിയോട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരിക്കുന്നത്

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതയുടെ നിര്‍മ്മാണ വീഴ്ചയില്‍ കൂടുതല്‍ കരാര്‍ കമ്പനികള്‍ക്കെതിരെ നടപടിക്ക് സാധ്യത. ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ ദേശീയ പാത നിര്‍മ്മാണക്കരാറെടുത്ത മേഘ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കെതിരെയും നടപടിയെടുത്തേക്കും. കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടെ വിശദമായ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടപടി. കേരളത്തിന്റെ എല്ലാ റീച്ചുകളിലും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തും. സൂഷ്മ പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കൈമാറണമെന്നാണ് മൂന്നംഗ സമിതിയോട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂമി ബലപ്പെടുത്തുന്നതില്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്നാണ് വിലയിരുത്തല്‍. പുനര്‍നിര്‍മ്മാണത്തിന്റെ ചെലവ് കമ്പനികളില്‍ നിന്നും ഈടാക്കും. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ക്രമീകരണം ഉണ്ടാക്കുമെന്നും കേന്ദ്രം അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഇലക്ടറല്‍ ബോണ്ട് വിവരങ്ങളില്‍ കേന്ദ്രത്തിന് പണം നല്‍കിയതില്‍ രണ്ടാം സ്ഥാനത്തുള്ള സ്ഥാപനമായിരുന്നു മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. 966 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടുകളായിരുന്നു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വാങ്ങിയത്.

തെലങ്കാനയിലെ ഗോദാവരി നദിയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, റോഡ്-കെട്ടിട നിര്‍മ്മാണം അടക്കമുള്ള പദ്ധതികളുടെ ഭാഗമായിട്ടുള്ള കമ്പനി കൂടിയാണ് മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. കാലേശ്വരം പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതില്‍ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കഴിഞ്ഞദിവസം ഡീബാര്‍ ചെയ്തിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റേതായിരുന്നു നടപടി. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 21 നാണ് ഡല്‍ഹി ഐഐടി പ്രൊഫസര്‍ ജി വി റാവു മേല്‍നോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്. നിര്‍മ്മാണ ചുമതല കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനും കണ്‍സള്‍ട്ടന്‍സി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കമ്പനികളില്‍ നിന്നും കേന്ദ്രം വിശദീകരണം

ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: National highway collapse Action may also be taken against Megha Engineering and Infrastructure Company

dot image
To advertise here,contact us
dot image