
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ അഭിമാനകരമായ നേട്ടം കൈവരിച്ചുവെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്‌റെ പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയപാത വികസനം ഉയര്‍ത്തി കാട്ടിയാണ് സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ദേശീയപാത വികസനം യാഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രകടനപത്രികയിലെ 600 ഇനങ്ങളില്‍ ഇനി നടപ്പിലാക്കാനുള്ളത് വിരലില്‍ എണ്ണാവുന്നവ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു .നാഷണല്‍ ഹൈവേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. സ്ഥലം ഏറ്റെടുത്ത് നല്‍കുക മാത്രമാണ് വേണ്ടത്. എന്നാല്‍ നാഷണല്‍ ഹൈവേ വികസനം പൂര്‍ണമായും തടയപ്പെട്ടു.
2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍എച്ച്എയെ വീണ്ടും വിളിച്ചു. ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം തുക സംസ്ഥാനത്തിന് വഹിക്കേണ്ടിവന്നു. അതിന് മുമ്പോ ശേഷമോ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇങ്ങനെ സംഭവിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ തുടര്‍ന്നുണ്ടായ പിഴവ് ആണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുടങ്ങിക്കിടന്ന യാഥാര്‍ത്ഥ്യം ആകില്ലെന്ന് കരുതിയ എന്‍ എച്ച് വികസനം യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതയിലെ വിള്ളലുകളുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നും കേരളത്തിലെ പിഡബ്ല്യുഡി അല്ല ജോലികള്‍ ചെയ്യുന്നത് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
നാഷണല്‍ ഹൈവേ ആകെ പൊളിഞ്ഞ് പോകുമെന്ന് കരുതേണ്ട. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് തന്നെ കാണണം. കേന്ദ്രത്തെ വിഷയം അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിലും പണി നിര്‍ത്തട്ടെ എന്ന് വിചാരിക്കുന്നവരുടെ മനപ്പായസം കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നത് അന്വര്‍ത്ഥമായി എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സുതാര്യമാണ്. അത് ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ നടക്കുന്ന നുണപ്രചാരണങ്ങളാണ് സര്‍ക്കാറിനെതിരെ നടക്കുന്നത്. ചെറിയ പിഴവുകളെപോലും പെരുപ്പിച്ചു കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം നിക്ഷേപ സൗഹൃദമായി എന്നത് ചെറിയ കാര്യമല്ല. ക്ഷേമപെന്‍ഷന്‍ 1,600 രൂപയാക്കി. ഭവനരഹിതര്‍ക്ക് വീട് നല്‍കി. വിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതി കൈവരിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അധോഗതിയിലായിരുന്നു വിദ്യാഭ്യാസരംഗം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പൊതുവിദ്യാഭ്യാസ യജ്ഞം രൂപീകരിച്ചു. രാജ്യത്ത് ഒന്നാം സ്ഥാനത്താണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം എന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights: Don't think that the National Highway will be completely demolished; says Chief Minister