

ടി ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരെ റെക്കോർഡ് സെഞ്ച്വറി നേടിയെങ്കിലും പാകിസ്താൻ സെമി ഫൈനലില്‍ കടക്കാതെ പുറത്തായതില്‍ സങ്കടം പ്രകടിപ്പിച്ച് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍. സൂപ്പര്‍-8 ലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് റണ്‍സിന് പാകിസ്താൻ തോല്‍പ്പിച്ചെങ്കിലും, സെമി പ്രവേശനത്തിന് ആവശ്യമായ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ടീമിനായില്ല.
മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കവെ ഫര്‍ഹാന്‍ തന്റെ നിരാശ മറച്ചുവെച്ചില്ല. ''ടീമിനായി നന്നായി കളിക്കാന്‍ ആഗ്രഹിച്ചു. എന്റെ സെഞ്ച്വറി ടീമിന്റെ വിജയത്തിനോ സെമി പ്രവേശനത്തിനോ സഹായിച്ചില്ലെങ്കില്‍ അതിന് വലിയ അര്‍ത്ഥമില്ല. അതുകൊണ്ടാണ് ഞാന്‍ സങ്കടപ്പെടുന്നത്.' ഫര്‍ഹാന്‍ പറഞ്ഞു.
താന്‍ മികച്ച ഫോമിലാണെന്നും ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞ താരം, വലിയ റണ്‍സ് നേടാനും സ്‌കോറിംഗ് വേഗത നിലനിര്‍ത്താനും സഹായിച്ചത് ആഭ്യന്തര ക്രിക്കറ്റിലെ അനുഭവങ്ങളാണെന്നും കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 60 പന്തില്‍ 100 റണ്‍സ് നേടിയ ഫര്‍ഹാന്‍, ഒരു ട്വന്റി20 ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് (383 റണ്‍സ്) സ്വന്തമാക്കി.
വിരാട് കോ്ലിയുടെ (319 റണ്‍സ്) പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് താരം മറികടന്നത്. കൂടാതെ, ഒരു ലോകകപ്പ് സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടവും ഫര്‍ഹാന്‍ സ്വന്തമാക്കി. ഒരു എഡിഷനിൽ ഏറ്റവും സിക്സർ അടിച്ച റെക്കോർഡും 18 സിക്സറുകളുമായി ഫർഹാൻ സ്വന്തമാക്കി.
പാകിസ്താൻ ആദ്യം ബാറ്റ് ചെയ്ത് 212 റണ്‍സ് നേടിയെങ്കിലും, സെമിയില്‍ എത്താന്‍ ശ്രീലങ്കയെ 147 റണ്‍സിനുള്ളില്‍ ഒതുക്കണമായിരുന്നു. എന്നാല്‍ ശ്രീലങ്ക 207 റണ്‍സ് വരെ എത്തിയതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചു. ന്യൂസിലാന്‍ഡ് ആണ് ഈ ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തിയത്.
T20 World Cup 2026: Sahibzada Farhan after pakistan srilanka match