'ഷാജൻ സ്‌കറിയയ്ക്ക് ജനപിന്തുണ ഉണ്ടാക്കി കൊടുക്കാൻ മാത്രമുതകുന്ന അറസ്റ്റ്'; പൊലീസിനെ വിമർശിച്ച് ഹരീഷ് വാസുദേവൻ

ഷാജന്‍ സ്‌കറിയയുടെ സംഘപരിവാര്‍ അനുകൂല നിലപാടുകളോട് യോജിപ്പില്ലെന്നും എന്നാല്‍ കഴിഞ്ഞ ദിവസത്തെ അറസ്റ്റിനോട് ശക്തമായ എതിര്‍പ്പുണ്ടെന്നും ഹരീഷ്

dot image

തിരുവനന്തപുരം: യൂട്യൂബ് ചാനലുടമ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിലെ പൊലീസ് രീതിയെ വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഷാജന്‍ സ്‌കറിയയുടെ സംഘപരിവാര്‍ അനുകൂല നിലപാടുകളോട് യോജിപ്പില്ലെന്നും എന്നാല്‍ കഴിഞ്ഞ ദിവസത്തെ അറസ്റ്റിനോട് ശക്തമായ എതിര്‍പ്പുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പൊലീസിന്റെ അറസ്റ്റ് അസമയത്തും അനാവശ്യ തിടുക്കത്തിലുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തിഹത്യ, മാനഹാനി എന്നൊക്കെയാണ് ഷാജനെതിരെയുള്ള പരാതിയെന്നും ഇത് രണ്ടും പൊലീസിന്റെ പണിയല്ലെന്നും ഹരീഷ് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കും വിധം ലൈംഗികച്ചുവയുള്ള പ്രയോഗം നടത്തി എന്നതാണ് ചാര്‍ത്തിയ കുറ്റമെന്നും എന്നാല്‍ അത്തരം ഒരു പരാതി എഫ്‌ഐആറില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാളെ പൊക്കാന്‍ പൊലീസ് തീരുമാനിക്കുന്നു, പൊക്കുന്നു, കാരണമുണ്ടാക്കുന്നു എന്ന രീതിയാണ് ഇതില്‍ എന്ന് തോന്നിക്കും വിധമാണ് അറസ്റ്റെന്നും ഹരീഷ് വ്യക്തമാക്കി.

'ഷര്‍ട്ടിട്ട് മാന്യമായി പകല്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ട കേസിന്, വെറും തറ നിലവാരത്തില്‍ പൊലീസ് പോയത് അധികാര ദുര്‍വിനിയോഗം തന്നെയാണ്. ഷാജന്‍ സ്‌കറിയയ്ക്ക് നല്ല ജനപിന്തുണ ഉണ്ടാക്കി കൊടുക്കാന്‍ മാത്രമുതകുന്ന, അതുവഴി തീര്‍ത്തും counter productive ആകുന്ന ഇത്തരം അറസ്റ്റ് തോന്നിയവാസങ്ങള്‍ പിണറായി വിജയനെന്ന സീസന്‍ഡ് പൊളിറ്റീഷ്യന്റെ ബുദ്ധിയാണെന്നു തോന്നുന്നില്ല. പക്ഷേ പൊലീസില്‍ ആരു തെറ്റ് ചെയ്താലും ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തന്നെ', ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഷാജന്‍ സ്‌കറിയയുടെ സംഘപരിവാര്‍ അനുകൂല നിലപാടുകളോടും വെറുപ്പിന്റെ ഭാഷയോടും മീഡിയ സംസ്‌കാരത്തോടും ഒട്ടും യോജിപ്പില്ലാത്ത ആളാണ് ഞാന്‍. വ്യക്തിഹത്യ എന്നതിന് ശിക്ഷിക്കാന്‍ ഈ രാജ്യത്ത് കൃത്യമായ വേഗത്തിലുളള ഒരു നിയമവ്യവസ്ഥ ഉണ്ടായിരുന്നെങ്കില്‍ പല യുട്യൂബര്‍മാരെയും പോലെ ഷാജനും ഇതിനകം ജയിലിലായേനെ എന്ന് എനിക്ക് തോന്നാറുണ്ട്. (നിലപാടുകളോടല്ലാതെ ആ വ്യക്തിയോട് വെറുപ്പ് തോന്നാറില്ല. കച്ചവടത്തിനായി ഇതുപോലെ ആരൊക്കെ ഈ സമൂഹത്തെ വര്‍ഗ്ഗീയമായി ധ്രുവീകരിക്കുന്നു, അത്തരം ഒരാളല്ലേ രാജ്യത്ത് പ്രധാനമന്ത്രി പോലും)

എന്നാല്‍ ഈ അറസ്റ്റിനോട് ശക്തമായ എതിര്‍പ്പുണ്ട് എനിക്ക്. ആരോടാണ് എന്ന് നോക്കിയിട്ടല്ല പൊലീസ് അട്രോസിറ്റിയ്ക്ക് എതിരെ ഞാന്‍ നിലപാട് എടുക്കാറുള്ളത്. ആരോടായാലും പാടില്ലെന്നാണ് എന്റെ നിലപാട്. വസ്തുതകള്‍ മനസ്സിലാക്കാന്‍ എഫ്‌ഐആര്‍ കോപ്പി കാണേണ്ടി വന്നു.


പൊലീസിന്റെ അറസ്റ്റ് അസമയത്താണ്, അനാവശ്യ തിടുക്കത്തിലാണ് എന്നത് മാത്രമല്ല - 120 (O) കേരളാ പൊലീസ് ആക്ടോ 67 IT Act ഓ ഒന്നും പ്രഥമദൃഷ്ട്യാ പോലും എടുക്കാന്‍ പറ്റാത്ത കേസാണ് ഇത് എന്നാണ് പ്രാഥമിക നിഗമനം. വ്യക്തിഹത്യ, മാനഹാനി എന്നൊക്കെയാണ് പരാതി. ഇത് രണ്ടും പൊലീസിന്റെ പണിയല്ല, പോലീസിന്റെ പണിയല്ല. അല്ലേയല്ല. They have no business in defamation complaints.

ബിഎന്‍എസിലെ 75(1)(iv), 79 മാത്രമാണ് പൊലീസിന് റോളുള്ളത്. സ്ത്രീത്വത്തെ അപമാനിക്കും വിധം ലൈംഗികച്ചുവയുള്ള പ്രയോഗം നടത്തി എന്നതാണ് ചാര്‍ത്തിയ കുറ്റം. എന്നാല്‍ അത്തരം ഒരു പരാതി എഫ്‌ഐആറില്‍ ഇല്ല. ഒരാളെ പൊക്കാന്‍ പൊലീസ് തീരുമാനിക്കുന്നു, പൊക്കുന്നു, കാരണമുണ്ടാക്കുന്നു എന്ന രീതിയാണ് ഇതില്‍ എന്ന് തോന്നിക്കും വിധമാണ് അറസ്റ്റ്.

ഷര്‍ട്ടിട്ട് മാന്യമായി പകല്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ട കേസിന്, വെറും തറ നിലവാരത്തില്‍ പൊലീസ് പോയത് അധികാര ദുര്‍വിനിയോഗം തന്നെയാണ്. ഷാജന്‍ സ്‌കറിയയ്ക്ക് നല്ല ജനപിന്തുണ ഉണ്ടാക്കി കൊടുക്കാന്‍ മാത്രമുതകുന്ന, അതുവഴി തീര്‍ത്തും counter productive ആകുന്ന ഇത്തരം അറസ്റ്റ് തോന്നിയവാസങ്ങള്‍ പിണറായി വിജയനെന്ന സീസന്‍ഡ് പൊളിറ്റീഷ്യന്റെ ബുദ്ധിയാണെന്നു തോന്നുന്നില്ല. പക്ഷേ പൊലീസില്‍ ആരു തെറ്റ് ചെയ്താലും ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തന്നെ.

Content Highlights: Advocate Hareesh Vasudevan against Shajan Scaria s arrest

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us