'ബഹുമാനം കിട്ടാത്ത സ്ഥലത്ത് നില്‍ക്കരുത്, അഭിമാനത്തിന് ക്ഷതം സംഭവിക്കുമെന്ന് തോന്നുമ്പോള്‍ ഇറങ്ങുക'

ഫേസ്ബുക്കിലാണ് അദീല അബ്ദുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്

dot image

'നമ്മള്‍ ഇല്ലെങ്കിലും നമ്മള്‍ ചെയ്യുന്ന ജോലി നടക്കും. ചിലപ്പോ കൂടുതല്‍ ഭംഗിയില്‍ നടക്കും. ലോകം നമ്മുടെ തലയില്‍ കൂടെയാണ് നടക്കുന്നത് എന്നു തോന്നേണ്ട...' ഐഎഎസ് ഓഫീസറും കൃഷി വകുപ്പ് ഡയറക്ടറുമായ അദീല അബ്ദുള്ള ഫേസ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റ് ചർച്ചയാകുന്നു. അദീലയുടെ പിതാവ് അബ്ദുള്ള തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും പിതാവ് നൽകിയ പത്ത് ഉപദേശങ്ങളെ കുറിച്ചുമാണ് അദീലയുടെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. നമുക്ക് ബഹുമാനം കിട്ടാത്ത സ്ഥലത്ത് നില്‍ക്കരുതെന്നും അഭിമാനത്തിന് ക്ഷതം സംഭവിക്കുമെന്ന് തോന്നുമ്പോള്‍ എത്ര കൊമ്പത്താണെങ്കിലും അപ്പോള്‍ ഇറങ്ങി വരണമെന്നും നമുക്ക് നമ്മള്‍ വില കൊടുക്കണമെന്നും പിതാവ് തന്നെ ഉപദേശിച്ചിരുന്നുവെന്ന് അദീല പറയുന്നു. പിതാവ് നൽകിയ ഉപദേശങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ് ഇതും. സ്‌നേഹമാണോ ബഹുമാനമാണോ വേണ്ടതെന്ന് ചോദിച്ചാല്‍ ബഹുമാനമെന്ന് ഉത്തരം നല്‍കണമെന്നും അതില്ലാത്ത സ്‌നേഹം ഒരുതരം കണ്‍ട്രോള്‍ ആണെന്നും അദീല പോസ്റ്റില്‍ പറയുന്നു. ഒരാള്‍ സ്വയം സമ്മതിക്കുമ്പോഴേ പരാജയം സംഭവിക്കുന്നുള്ളൂവെന്നും അവര്‍ കുറിച്ചു.

അദീല അബ്ദുള്ളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാപ്പ നിസ്‌ക്കരിക്കുന്നത് ഞാന്‍ ഒരു തവണ മാത്രമേ കണ്ടുള്ളൂ.. അത് 2024 ല്‍, വഴുതക്കാട്ട് പള്ളിയിയില്‍ വെച്ച് പെരുന്നാള്‍ നമസ്‌ക്കാരം.പക്ഷേ മൂപ്പര് മറ്റുള്ളവരെ പള്ളിയുടെ മുന്നില്‍ വിട്ടു കൊടുക്കും. 5 വഖ്ത് നിസ്‌കാരം മുടങ്ങാതെ നിര്‍വഹിക്കുന്ന ഉമ്മയുമായി അദ്ദേഹം സ്‌നേഹത്തോടെ സഹവസിക്കുന്നു. ഒന്നിനെയും പരിഹസിക്കുകയും നിന്ദിക്കുകയും മറ്റുള്ളവരുടെ ജീവിതത്തെപ്പറ്റി അഭിപ്രായം പറയുന്നതും ഞാന്‍ കേട്ടിട്ടില്ല.

പണ്ട്,യാത്ര പോയി മാഹി വഴി വരുമ്പോ വാപ്പാന്റെ കയ്യില്‍ നല്ല കൊള്ളി എന്നും കോഴിക്കാല്‍ എന്നും പേരുള്ള കപ്പ പൊരിച്ചത് ഉണ്ടാവും.കപ്പ ഇങ്ങനെ ഫ്രഞ്ച് ഫ്രൈസ് പോലെയാക്കി മാവില്‍ മുക്കി പൊരിച്ചടുക്കുന്ന സാധനം. മാഹിയില്‍ മാത്രമേ ഞാനത് കണ്ടിട്ടുള്ളു. ഒരു ഇലയില്‍ പൊതിഞ്ഞ കൊള്ളിയും ഒരു പറ്റം കഥകളുമായി വരുന്ന പുള്ളിയെ ഞാന്‍ കാത്തിരിക്കും. അപ്പോഴാണ് കഥയുടെ ഒഴുക്കിനൊരു രസം

ഞാനും പുള്ളിയും രാത്രി പുള്ളിക്ക് ഉറക്കം വരുന്നത് വരെ ഇരിക്കും . സിറ്റാഡെലും, ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥയും , മലയാറ്റൂരിന്റെ ബ്രിഗേഡിയര്‍ കഥകളും, പുനത്തിലിന്റെ കത്തിയും, കുഷ്വന്ത് സിങ്ങുമൊക്കെ കടന്നു വന്നത് അങ്ങനെയാണ്. ഞാനാണേ രാത്രി കഥ തീരും വരെ കൊള്ളിയും തിന്നു പുള്ളി ഉറങ്ങുന്നത് വരെ കൂട്ടിക്കും. വലിയ ഒരു ലോകം എനിക്ക് മുന്നില്‍ തുറന്നു തന്നു. ഞാന്‍ വലുതാവുമ്പോ അറിയപ്പെടുമെന്നു എന്നോട് പറഞ്ഞ രണ്ടു പേര് കുഞ്ഞുപ്പാ എന്ന് ഞാന്‍ വിളിക്കുന്ന എന്റെ പിതാവ് ശ്രീ അബ്ദുല്ല എന്നാ ഓഷോ അബ്ദുള്ളയും, എന്റെ അയല്‍വാസികളായ വിശാഖിന്റെയും വിവേകിന്റെയും അച്ഛന്‍ പപ്പേട്ടനുമാണ്. ജ്യോതിഷം പഠിച്ച പപ്പേട്ടന്‍ കൊറേ കാലം മദ്രാസില്‍ ആയിരുന്നു.

ഗൂഗിളും വെബ് ഒന്നും ഇല്ലാത്ത ആ കാലത്തു ലോകത്തിലേക്കുള്ള ഒരു ജാലകമായിരുന്നു വാപ്പയോടൊപ്പമുള്ള ആ ഇരിപ്പുകള്‍. ആ സംഭാഷണത്തിലുടനീളം പല നാടുകള്‍ മനുഷ്യര്‍ കഥകള്‍ ഇവയെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ലോകം എനിക്ക് മുന്നില്‍ തുറന്നുവന്നിരുന്നു . ഓഷോ അബ്ദുല്ല യുടെ മകള്‍ അങ്ങനെയാണ് ആദ്യ ചാന്‍സില്‍ സിവില്‍ സര്‍വീസ് പാസായി മലബാറില്‍ ആദ്യ മുസ്ലിം ഐഎഎസ്കാരിയാവാന്‍ കാരണം..ആ സ്വപ്നവും ഉപ്പ കാണിച്ച ആ ലോകത്ത് ഞാന്‍ കണ്ടിരുന്നു. കൂടാതെ ഞാന്‍ മനസ്സില്‍ കുറിച്ച് വച്ച ഈ മുത്തുകള്‍ ജീവിതത്തിലുടനീളം പാലിക്കാന്‍ ഞാന്‍ നോക്കിയിട്ടുണ്ട്.. പെണ്‍കുട്ടികള്‍ക്ക് അതൊരു വലിയ ധൈര്യം തരും..എല്ലാര്ക്കും തരും .

അന്ന് മൂപ്പര്‍ പറഞ്ഞു തന്ന ചില കാര്യങ്ങള്‍ ഇന്നെനിക്കു എല്ലാ പെണ്‍കുട്ടികള്‍ക്കും പറഞ്ഞു കൊടുക്കാന്‍ തോന്നുന്നുണ്ട്. അതില്‍ ചിലതിവിടെ കുറിക്കട്ടെ. എന്നെ ഞാന്‍ ആക്കിയത് അവയില്‍ കയറി നിന്ന് ലോകത്തെ കണ്ടപ്പോളാണ് .. ധൈര്യം ആ നിലനില്‍പ്പിലാണ് എന്റെ കൂടെ വന്നത് . കഥകള്‍ കൊറേ വീണ്ടും എഴുതാനുണ്ട്..എഴുതാം..

ഓഷോ അബുദുള്ള മകള്‍ക്കു കൊടുത്ത ഉപദേശത്തില്‍ പത്തെണ്ണം താഴെ കുറിക്കുന്നു..ബാക്കി പിന്നെ..സമയം കിട്ടുമ്പോള്..

  1. ലോകത്ത് രണ്ടു മനുഷ്യര്‍ മാത്രം ബാക്കിയാവുമ്പോ നമുക്ക് വീട്ടില്‍ തിരിച്ചെത്താന്‍ പറ്റും. അഥവാ power of positive thinking. നിരാശ ഇല്ലാതെ ശുഭാപ്തി വിശ്വാസം വേണ്ടതിനെപറ്റി. ആരെങ്കിലും ഒരാള്‍ കൂടി ലോകത്ത് ബാക്കിയുണ്ടെങ്കില്‍ അയാള്‍ നമ്മളെ സഹായിക്കും. ഒറ്റയ്ക്ക് ലോകത്ത് ബാക്കിയാവുന്നെങ്കിലെ നിരാശ എന്നാ വാക്ക് വേണ്ടൂ. അത് ഉണ്ടാവില്ലല്ലോ.
  2. നമ്മള്‍ ഇല്ലെങ്കിലും നമ്മള്‍ ചെയ്യുന്ന ജോലി നടക്കും. ചിലപ്പോ കൂടുതല്‍ ഭംഗിയില്‍ നടക്കും. ലോകം നമ്മുടെ തലയില്‍ കൂടെയാണ് നടക്കുന്നത് എന്നു തോന്നേണ്ട. നമ്മള്‍ ഇല്ലെങ്കിലും ലോകം ഇതേ പോലെ ഭംഗിയില്‍ നടക്കും. ബാല്യകാല സഖിയിലെ മജീദ് എന്നാ കഥാപാത്രം സുഹറയുടെ മരണം കല്‍ക്കട്ടയില്‍ വച്ചുഅറിയുന്നുണ്ട്. അന്ന് ബഷീര്‍ എഴുതുന്നു, ലോകം എല്ലാം പതിവ് പോലെ നടക്കുന്നു. സുഹറ നഷ്ടപ്പെട്ടത് മജീദിന് മാത്രം.
  3. നമുക്ക് ബഹുമാനം കിട്ടാത്ത സ്ഥലത്തു നില്‍ക്കരുത്. നമ്മളുടെ അഭിമാനത്തിന് ക്ഷതം സംഭവിക്കുമെന്ന് തോന്നുമ്പോള്‍ എത്ര കൊമ്പത്താണെങ്കിലും അപ്പമിറങ്ങി വരണം. നമ്മക്ക് നമ്മള്‍ വില കൊടുക്കണം.
  4. സ്‌നേഹവും ബഹുമാനവും, എന്ത് വേണമെന്ന് ചോദിച്ചാല്‍ ബഹുമാനമെന്നു പറയുക. ബഹുമാനമില്ലാത്ത സ്‌നേഹം ഒരു തരം കണ്ട്രോള്‍ ആണ്, toxicity യും. അതേസമയം സ്‌നേഹമില്ലാത്ത ബഹുമാനമുള്ളിടത് നമ്മള്‍ safe ആണ്.
  5. നമ്മളെ മുന്നോട്ടുതള്ളാന്‍ നമ്മള്‍ മാത്രമേ ഉള്ളൂ. വേറെ ആര്‍ക്കും നമ്മളില്‍ വല്യ interest കാണില്ല. നമ്മള്‍ നമ്മളെ മുന്നോട്ടു ഉന്തിയാലേ പോകുള്ളൂ. പിന്നോട്ട് തള്ളാനോ ഒരുപാടു പേര് കാണും.
  6. സ്വയം സമ്മതിച്ചാലേ പരാജയം സംഭവിക്കുകയുള്ളൂ. ബാക്കിയെല്ലാം ജീവിതത്തിന്റെ ഏറ്റ കുറച്ചിലുകളാ. ഒരാള്‍ സ്വയം സമ്മതിക്കുമ്പോഴേ പരാജയം സംഭവിക്കുന്നുള്ളൂ.
  7. സൗന്ദര്യം അഥവാ aesthetisc, വലിയ ഒരു ഘടകമാണ്. അത് നിറമോ മേക്കപ്പോ കൊണ്ടല്ല. ഏത് സാധനത്തിലും സ്ഥലത്തും നമ്മളിലും സൗന്ദര്യം നിലനിര്‍ത്തുക. ചെറിയ കുട്ടികള്‍ പോലും സൗന്ദര്യത്തെ തേടും. സൗന്ദര്യം എല്ലായിടത്തും ഉണ്ടാവുന്നുണ്ടെന്നു നോക്കുക.
  8. സഹജീവികളോട് ചെയ്യാനുള്ള നന്മ ജീവിച്ചിരിക്കുമ്പോ ചെയ്യുക.
  9. ലോകം കാണുക, വായിക്കുക,നല്ല ഭക്ഷണം പാകം ചെയ്യാന്‍ പഠിക്കുക.
  10. നന്നായി ഉറങ്ങുക.

ഓഷോ അബ്ദുല്ല എന്ന എന്റെ പിതാവ് ഇന്നും കിടന്നാല്‍ നിമിഷ നേരത്തില്‍ ഉറങ്ങി വീഴും. നന്നായി ഭക്ഷണം ഉണ്ടാക്കും. സൗന്ദര്യം എല്ലായിടത്തും നിലനിര്‍ത്തും. അലമാരയില്‍ വരെ നിലനിര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജീവിതത്തില്‍ ആരോടാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് വാപ്പ എന്ന ഉത്തരം ഉള്ളില്‍ കിടക്കുന്നുണ്ട്. യാദൃശ്ചികമായി നമ്മളാണ് ആദ്യം മരിക്കുന്നതെങ്കില്‍ വാപ്പനോട് ഇതൊക്കെ പറയാന്‍ കൂട്ടുകാരനെ ഏല്‍പ്പിച്ചിരുന്നു. ഇനിയത് വേണ്ടല്ലോ??..ഓഷോ അബ്ദുല്ല എനിക്ക് തുറന്നു തന്ന വായനയുടെ വിശാലമായ ലോകത്തെ പറ്റി എഴുതണമെന്നുണ്ട്. അത് പിന്നീടൊരിക്കലാവട്ടെ… (കൊള്ളിയുടെ ചിത്രം മാഹിക്കാരുടെ കയ്യില്‍ ഉണ്ടെങ്കില്‍ കമന്റില്‍ ഇടണേ)..ഗൂഗിളില്‍ കണ്ടില്ല.

Content Highlights: Adeela abdullah IAS shares a heartwarming note on Facebook

dot image
To advertise here,contact us
dot image