സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്ന് വീണ ടി; 'പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം'

സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന് ടി വീണ എസ്എഫ്ഐഒയ്ക്ക് മൊഴി നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വീണയുടെ പങ്കാളിയും മന്ത്രിയുമായ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു.

dot image

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് തള്ളി വീണ ടി. സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്ന് വീണ പ്രതികരിച്ചു. സേവനം നല്‍കിയിട്ടില്ലെന്ന് മൊഴി നല്‍കി എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും വീണ പറഞ്ഞു. സിഎംആര്‍എല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ആദ്യമായാണ് വീണയുടെ പ്രതികരണം.

'സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഓയ്ക്ക് ഞാന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണ്. ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും ഞാന്‍ നല്‍കിയിട്ടില്ല. ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്‌സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.', വീണ ടി പ്രസ്താവനയില്‍ പറഞ്ഞു.

സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന് ടി വീണ എസ്എഫ്ഐഒയ്ക്ക് മൊഴി നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വീണയുടെ പങ്കാളിയും മന്ത്രിയുമായ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. വീണയുടെ മൊഴിയുമായി ബന്ധപ്പെട്ട വാര്‍ത്ത തെറ്റാണെന്നും ഇല്ലാത്ത വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നല്‍കിയ മൊഴി എന്താണോ അത് ഒപ്പിട്ടുകൊടുത്തിട്ടുണ്ടെന്നും ബാക്കിയൊക്കെ കോടതിയില്‍ നില്‍ക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന് ടി വീണ മൊഴി നല്‍കിയതായുളള എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ വിശദാംശമാണ് പുറത്തുവന്നത്. ചെന്നൈ ഓഫീസില്‍ വെച്ചുള്ള ചോദ്യം ചെയ്യലിലാണ് വീണ ഇത്തരത്തില്‍ മൊഴി നല്‍കിയത്. സേവനം നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായും എസ്എഫ്‌ഐഒ കുറ്റപത്രത്തിലുണ്ട്.

Content Highlights: Veena T says she did not take money without providing service

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us