
May 24, 2025
06:30 PM
ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ത്ഥികളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക പ്രചാരണത്തിനായി ചിലവിട്ടത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആണെന്ന് കണക്കുകള്‍. തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തിന് 94.89 ലക്ഷം രൂപ ശശി തരൂര്‍ ചിലവഴിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിമ മൊണ്ടല്‍ ആണ് ഏറ്റവും കുറവ് തുകയായ 12,500 രൂപ ചെലവിട്ടത്. കണക്കുകളില്‍ മൂന്നാം സ്ഥാനത്ത് പൊന്നാനിയില്‍ 94.69 ലക്ഷം രൂപ ചിലവിട്ട മുസ്ലിം ലീഗ് അംഗം അബ്ദുസ്സമദ് സമദാനിയാണ്. വയനാട്ടില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 92.82 ലക്ഷം രൂപയുമായി പത്താം സ്ഥാനത്തുണ്ട്. ആദ്യത്തെ 15 പേരില്‍ കോണ്‍ഗ്രസിന്റെ അഞ്ച് സ്ഥാനാര്‍ത്ഥികളും ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളുമുണ്ട്.
95 ലക്ഷം രൂപയാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച ചെലവു പരിധി. ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ വലിയ സംസ്ഥാനങ്ങള്‍ക്ക് 95 ലക്ഷവും അരുണാചല്‍ പ്രദേശ്, ഗോവ, ലക്ഷദ്വീപ് തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 75 ലക്ഷവുമായിരുന്നു ചെലവ് പരിധി.
Content Highlight: Shashi Tharoor reported the highest individual expenditure of ₹94.89 lakh for Lok Sabha poll campaign