മിഹിര്‍ ജീവനൊടുക്കിയ സംഭവം; സ്കൂളിൽ നിന്നും നേരിടേണ്ടി വന്നത് കനത്ത മാനസികപീഡനം; വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ

മിഹിർ നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ആണ് ബിനു അസീസ്

മിഹിര്‍ ജീവനൊടുക്കിയ സംഭവം; സ്കൂളിൽ നിന്നും നേരിടേണ്ടി വന്നത് കനത്ത മാനസികപീഡനം; വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ
dot image

കൊച്ചി : ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ കൊച്ചിയിലെ ജെംസ് മോഡേൺ അക്കാദമി വൈസ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മിഹിർ നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ആണ് ബിനു അസീസ്.ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ബിനു അസീസിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

കേസന്വേഷണം നടത്തുന്ന ഹില്‍പാലസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വൈസ് പ്രിന്‍സിപ്പലിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. മുന്‍പ് പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലില്‍ നിന്ന് മിഹിറിന് മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് അമ്മ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മിഹിര്‍ മുന്‍പ് പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എംബിഎക്കാരനാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇദ്ദേഹം സ്‌കൂള്‍ കുട്ടികളെ എന്ത് പഠിപ്പിക്കുന്നു എന്നതിനൊന്നും വ്യക്തമായ ഉത്തരം പൊലീസിന് ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇനിയും വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിര്‍ അഹമ്മദ് താമസ സ്ഥലത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിര്‍ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്. മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

സ്‌കൂള്‍ ബസില്‍വെച്ച് അതിക്രൂരമായ പീഡനം മിഹിറിന് നേരിടേണ്ടിവന്നതായി അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. ക്ലോസെറ്റില്‍ തല പൂഴ്ത്തിവെച്ചും ഫ്‌ളഷ് ചെയ്തും അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതിന് പുറമേ ടോയ്‌ലറ്റില്‍ നക്കിച്ചു. പീഡനം അസഹനീയമായപ്പോഴാണ് മിഹിര്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഇനി ഇത്തരത്തിലൊരനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞിരുന്നു. ക്രൂര പീഡനത്തിന് പുറമേ മിഹിറിന്റെ മരണം വിദ്യാര്‍ത്ഥി സംഘം ആഘോഷമാക്കിയതായും കുടുംബം ആരോപിച്ചിരുന്നു.

മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോര്‍ മിഹിര്‍' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടതും ഇത് പിന്നീട് അപ്രത്യക്ഷമായതും കുടുംബം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമ്മയുടെ പരാതി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചതോടെ മിഹിറിന് നീതി തേടി നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മിഹിറിന്റെ മരണം ഞെട്ടിക്കുന്നതെന്ന് പറഞ്ഞായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദേശിച്ചത്.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മിഹിറിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സിനിമാ താരങ്ങളായ പൃഥ്വിരാജ്, സാമന്ത അടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചു. എസ്എഫ്‌ഐ, കെഎസ്‌യു അടക്കമുള്ള സംഘടനകളും വിഷയത്തില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ അംഗങ്ങളും ശനിയാഴ്ച തെളിവെടുപ്പ് നടത്തി. കേസന്വേഷിക്കുന്ന പൊലീസ് സംഘത്തലവനെ കണ്ട് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

content highlights : Mihir's death; faced severe mental harassment from school; Vice Principal suspended

dot image
To advertise here,contact us
dot image