കേന്ദ്രത്തിൻ്റേത് ക്രൂര നടപടി, ജോർ‌ജ് കുര്യൻ്റേത് ജനപ്രതിനിധി നടത്താൻ പാടില്ലാത്ത പ്രസ്താവന: കെ രാജൻ

'ഇത് കേരളത്തോടുളള അവ‍ജ്ഞയും അപമാനിക്കലുമാണ്'

കേന്ദ്രത്തിൻ്റേത് ക്രൂര നടപടി, ജോർ‌ജ് കുര്യൻ്റേത് ജനപ്രതിനിധി നടത്താൻ പാടില്ലാത്ത പ്രസ്താവന: കെ രാജൻ
dot image

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവ​ഗണിച്ചുവെന്ന് മന്ത്രി കെ രാജൻ. ബജറ്റിൽ വയനാടിനെ ഒന്ന് പരാമർശിക്കുക പോലും ചെയ്തില്ല. ഇത് കേരളത്തോടുളള അവ‍ജ്ഞയും അപമാനിക്കലുമാണ്. ഒരു ജനതയോട് നടത്തുന്ന ക്രൂരമായ ഇടപെടലിന്റെ ഭാ​ഗമാണിത്.ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികൾ പറയാൻ പാടില്ലാത്ത പ്രസ്താവനയാണ് ജോർജ് കുര്യൻ നടത്തിയത്. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയായിപ്പോയി എന്നും മന്ത്രി വിമർശിച്ചു.

കഴിഞ്ഞ കൊല്ലത്തെ രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് ചൂരൽ മലയിലേതാണ്. ഇന്ത്യയിലെ പ്രധാനമന്ത്രി നേരിട്ട് എത്തി പരിശോധന നടത്തിയ സ്ഥലംകൂടിയാണ് ചൂരൽമല. അതി ദുരന്തം അനുഭവിക്കുന്ന സ്ഥലങ്ങളിലെ മനുഷ്യരുടെ കടം എഴുതിത്തള്ളാനെങ്കിലും കേന്ദ്രം തയ്യാറാകണമാ‌യിരുന്നു. എന്നാൽ വയനാടിന് ബജറ്റിൽ ഒന്ന് പരാമർശിക്കുക കൂടി ചെയ്തില്ലെന്ന് കെ രാജൻ ചൂണ്ടിക്കാട്ടി.

ഇക്കൊല്ലം തന്നെ അവസാന ദുരന്തബാധിതനെയും പൂർണമായും പുനരധിവസിപ്പിക്കുമെന്ന് കേരളം പറയുന്നു. കേന്ദ്ര ബജറ്റിന്റെ അവഗണനയിലും കേരള സർക്കാർ വയനാട് ജനതയ്ക്ക് നൽകുന്ന ഉറപ്പാണിത്. കേന്ദ്രം കാണിച്ച ക്രൂരത കേരളം മറക്കില്ലെന്നും മന്ത്രി പറഞ്ഞു. ഒരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ ജോർജ് കുര്യൻ പറഞ്ഞത്. ദുർബലത വെളിപ്പെടുത്താതെ കേരളത്തെ സഹായിക്കില്ല എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയോടെ എല്ലാം വെളിവായി. തൃശ്ശൂരിന് ഒരു കേന്ദ്രമന്ത്രി ഉണ്ടായിട്ടും തൃശ്ശൂരിന് ഒന്നും കിട്ടിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, ആപ്പോൾ സഹായം കിട്ടുമെന്ന ജോർജ് കുര്യന്റെ പ്രസ്താവനയ്ക്കെതിരെ ഇതിനകം നിരവധിപ്പേർ രം​ഗത്തെത്തിയിട്ടുണ്ട്. ജോർജ് കുര്യൻ ജന്മനാടിനെ കുറിച്ച് ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി വി വാസവനും വിമർശിച്ചു. കേരളം ചോദിക്കുന്നത് ഔദാര്യമല്ല അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോര്‍ജ് കുര്യന്‍ കേരളത്തെ അപമാനിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും വിമർ‍ശിച്ചു. ജോര്‍ജ് കുര്യന്‍ കേരളത്തെ അപമാനിച്ചു. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണം. കേരളത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രം മാതൃകയാക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത്. കേരളത്തെ നരകിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശം. കേരള ഫ്രണ്ട്‌ലി ബജറ്റ് എന്ന് പറയുന്ന കെ സുരേന്ദ്രന്‍ കേരളത്തെ പരിഹസിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമർശിച്ചു. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം ദരിദ്രമായി മാറണമെന്നാണ് ബിജെപി ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വിമർശിച്ചു. കേരളത്തെ ദരിദ്രമാക്കണമെന്നാണ് കേന്ദ്ര മന്ത്രിമാർ ആഗ്രഹിക്കുന്നത്. ജോർജ് കുര്യൻ്റെ പ്രസ്താവന ഇത് വ്യക്തമാക്കുന്നതാണ്. ബിജെപി നേതാക്കളെ കേരളത്തിലെ ജനങ്ങൾ വിലയിരുത്തുന്നുണ്ടെനന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ബി ജെ പി കേരള വിരുദ്ധ പാർട്ടിയായി മാറി എന്ന് മുൻ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും വിമർശിച്ചു. മലയാളികളോട് അശേഷം സ്നേഹമില്ലാത്ത പാർട്ടിയാണ് ബിജെപി. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ നീതി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

'പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. അപ്പോള്‍ കിട്ടും. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഞങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍, മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാല്‍ അത് കമ്മീഷന്‍ പരിശോധിക്കും. പരിശോധിച്ചുകഴിഞ്ഞാല്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് കൊടുക്കാം. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ ഗവണ്‍മെന്റ് അല്ലല്ലോ.', എന്നാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്.

Content Highlight: K Rajan Criticizing George Kurian Over His Controversial Statement

dot image
To advertise here,contact us
dot image