'ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഓർക്കുക, വരുംകാലം നിങ്ങളുടേതല്ല'; സിപിഐഎം നേതൃത്വത്തിനെതിരെ പി കെ ശശി

തന്നെ തരംതാഴ്ത്തിയ നടപടിയിൽ സിപിഐഎം നേതൃത്വത്തിനെതിരെയുള്ള ശശിയുടെ ഒളിയമ്പാണ് ഈ പോസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്

'ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഓർക്കുക, വരുംകാലം നിങ്ങളുടേതല്ല'; സിപിഐഎം നേതൃത്വത്തിനെതിരെ പി കെ ശശി
dot image

പാലക്കാട്: സിപിഐഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി അച്ചടക്ക നടപടിയ്ക്ക് വിധേയനായ സിപിഐഎം നേതാവ് പി കെ ശശി. നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനങ്ങൾ ഉന്നയിച്ചുള്ള ശശിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്. 'അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു' എന്ന് തുടങ്ങുന്ന കുറിപ്പ് സിപിഐഎം നേതൃത്വത്തിനെതിരായ പരോക്ഷ വിമർശനമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു എന്നും അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ പി കെ ശശി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത് എന്നും പി കെ ശശി മുന്നറിയിപ്പ് നൽകുന്നുണ്ട്. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക, വരും കാലം നിങ്ങളുടേതല്ല എന്ന് പറഞ്ഞുകൊണ്ടാണ് ശശി കുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രാഥമിക അംഗത്വത്തിലേയ്ക്ക് തരംതാഴ്ത്തിയ നടപടിയിൽ സിപിഐഎം നേതൃത്വത്തിനെതിരെയുള്ള ശശിയുടെ ഒളിയമ്പാണ് ഈ പോസ്റ്റ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പി കെ ശശിയെ പുറത്താക്കൻ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു.

പി കെ ശശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


എല്ലാവർക്കും സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, പുത്തൻ അനുഭൂതികളുടെ വർഷമായിത്തീരട്ടെ പുതുവർഷം.
2024 - പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളിൽ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം.

ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്പിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും.
സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന പുതിയ വർഷത്തെ ആവേശത്തോടെ നമുക്ക് വരവേൽക്കാം. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.

ഒന്നിന്റെ മുൻപിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. ആരുടെ മുന്നിലും ചെറുതാവാതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാൻ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക. ഇവിടെ നാം വിപ്ലവകാരികളെ ഓർക്കുക. വിശ്വകവി ടാഗോറിന്റെ വരികൾ കടമെടുക്കട്ടെ. "എവിടെ നിർഭയമാകുന്നു മാനസം, അവിടെ നിൽക്കുന്നു ശീർഷം സമുന്നതം"
ലോകത്തിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്ക് ശക്തി നൽകുന്നതാവട്ടെ പുതിയ വർഷം. ഒരു കയ്യിൽ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകയ്യിൽ പോരാട്ടത്തിന്റെ മിഷീൻ ഗണ്ണുമായി നിൽക്കുന്ന പലസ്തീൻ പോരാളികളാണ് നമുക്ക് ആവേശം നൽകേണ്ടത്.
ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ല.

ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ!

സാമ്പത്തിക ക്രമക്കേട് അടക്കമുള്ള നിരവധി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ശശിയെ നിരവധി പാർട്ടി പദവികളിൽ നിന്ന് നീക്കി, തരംതാഴ്ത്തിയിരുന്നു. ഇതിന് മറുപടി എന്ന കണക്കെയാണ് ശശിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് വ്യാഖ്യാനിക്കപ്പെടുന്നത്.

Content Highlights: PK Sasi fb post likely a reply to cpim

dot image
To advertise here,contact us
dot image