

പാലക്കാട്: കല്ലടിക്കോട് നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ സിമന്റ് ലോറി മറിഞ്ഞത് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനമിടിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ലോറി ഓടിച്ചിരുന്ന നിലമ്പൂര്‍ സ്വദേശിയെ പ്രതിയാക്കി കേസെടുക്കും. അമിത വേഗതയില്‍ എത്തിയ ഈ ലോറിയുടെ പിന്‍ഭാഗത്ത് ഇടിച്ചാണ് സിമന്റ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. നാളെ തുടര്‍ പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കും. സിമന്റ് ലോറി ഡ്രൈവറുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥിരം അപകടം നടക്കുന്ന കല്ലടിക്കോട് പനയമ്പടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്ന് വൈകിട്ട് 3.45നാണ് സംഭവം നടന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ഇതിന് പിന്നാലെ നാട്ടകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Content Highlights- will take case against driver of maharashtra registration lorry says MVD