
കൊച്ചി: ഓട്ടം വിളിച്ച യാത്രക്കാരന്‍ മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ടമാകാത്തതിനെ തുടർന്ന് യാത്രികനെ ഇറക്കിവിട്ട ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ആര്‍ടിഒ ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ഓട്ടോ ഡ്രൈവർ നടുറോഡിൽ ഇറക്കി വിട്ടത്. ഇറക്കിവിട്ടതിന് ശേഷം ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ഓഫീസറോട് ഡ്രൈവര്‍ മോശമായി സംസാരിച്ചെന്നും വിവരമുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് അറിയാതെ ആയിരുന്നു ഡ്രൈവറുടെ ഇടപെടൽ.
നെടുമ്പാശ്ശേരി സ്വദേശി വിസി സുരേഷ് കുമാറിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പുറമെ ഓട്ടോ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് പിഴയും ചുമത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അത്താണി ഭാഗത്തേയ്ക്കാണ് ഉദ്യോഗസ്ഥൻ ഓട്ടോ വിളിച്ചത്. യാത്രക്കൂലിയായി 180 രൂപ ആവശ്യപ്പെട്ട ഡ്രൈവറോട് അഞ്ച് കിലോ മീറ്ററില്‍ താഴെയുള്ള ഓട്ടമായതിനാല്‍ 150 രൂപ തരാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രൈവർ സമ്മതിക്കാത്തതിനെ തുടർന്ന് മീറ്ററിടാന്‍ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഡ്രൈവർ ഉദ്യോഗസ്ഥനെ ഓട്ടോയിൽ നിന്നും ഇറക്കിവിടുകയായിരുന്നു. ഡ്രൈവർ യൂണിഫോം ധരിക്കാതെയാണ് ഓട്ടോ ഓടിക്കാനെത്തിയത്.
ഉദ്യോഗസ്ഥൻ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. എന്നാൽ ഡ്രൈവർക്ക് അത് വിശ്വസിനീയമായില്ല എന്ന് മാത്രമല്ല മോശമായി സംസാരിക്കുകയും ചെയ്തു. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരാതിയിൽ എറണാകുളം എന്‍ഫോഴ്‌സ്മെന്റ് ആര്‍ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിജി നിഷാന്ത് ഓട്ടോ ഡ്രൈവറെ പിടികൂടി. മീറ്ററിടാത്തതെ വാഹനമൊടിക്കൽ, അമിത ചാര്‍ജ് വാങ്ങല്‍, യൂണിഫോം ധരിക്കാതിരുന്നത്, യാത്രക്കാരോട് മോശമായി സംസാരിക്കുക എന്നിവയ്‌ക്കെല്ലാം ചേര്‍ത്താണ് പിഴ ചുമത്തിയിരിക്കുന്നത്.
Content Highlights: MVD suspended Autodriver's license At Kakkanad who dropped the passenger in Road