
എറണാകുളം: മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുൻപിൽ പോസ്റ്റർ. അഡ്വക്കേറ്റ് മുഹമ്മദ് ഷാക്കെതിരെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.മുനമ്പം വഖഫ് വിഷയത്തിൽ എടുത്ത നിലപാടിനെ വിമർശിച്ചു കൊണ്ടാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. IUML സേവ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. പോസ്റ്റർ കീറി കളഞ്ഞ നിലയിലാണുള്ളത്.
മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിന് മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചത്.
'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ', 'മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കുക', 'ബിനാമി താൽപര്യങ്ങൾ സംരക്ഷിക്കാൻ ഫത്‌വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികൾ പണ്ഡിതന്മാർ തിരിച്ചറിയുക', എന്നിങ്ങനെയായിരുന്നു പോസ്റ്ററുകളി ഉണ്ടായിരുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പരാമർശത്തെ തള്ളി കെഎം ഷാജി രംഗത്തെത്തിയതോടെ മുനമ്പം വിഷയത്തിൽ മുസ്ലിംലീഗിൽ രണ്ട് പക്ഷം രൂപപ്പെട്ടു. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമായിരുന്നു കെ എം ഷാജിയുടെ പ്രതികരണം. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കിയിരുന്നു,
കെ എം ഷാജിയെ തള്ളി പി കെ കുഞ്ഞാലിക്കുട്ടിയും പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ എംപിയും രംഗത്തെത്തിയിരുന്നു. ആരും പാർട്ടിയാകാൻ നോക്കേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമർശനം. കെ എം ഷാജിയുടെ അഭിപ്രായം വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണെന്ന് ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കുകയായിരുന്നു.
Content Highlights: Munambam Waqf issue Poster in front of Muslim League Ernakulam District Committee Office