അഗാധമായ ദുഃഖമെന്ന് അമേരിക്ക, അനുശോചനം അറിയിച്ച് റഷ്യ; വയനാടിനെ ചേർത്തുപിടിച്ച് ലോകരാജ്യങ്ങളും

ഉരുൾപൊട്ടലിൽ അനുശോചനം അറിയിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തിൽ പറഞ്ഞു

dot image

ഡല്ഹി: ഉരുൾ വിഴുങ്ങിയതിനെത്തുടർന്ന് ദുരന്തത്തിലായ വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ലോകരാജ്യങ്ങളും. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് വയനാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഉരുള്പൊട്ടലില് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് യു എസ് സ്റ്റേറ്റ് ഡിപാര്ട്ട്മെന്റ് എക്സില് കുറിച്ചത്. ഉരുൾപൊട്ടലിൽ അനുശോചനം അറിയിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തിൽ പറഞ്ഞു.

'കേരളത്തിലെ ഉരുൾ പൊട്ടൽ അത്യന്തം ദാരുണമാണ്. ആത്മാർഥമായി അനുശോചിക്കുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് എല്ലാവിധ പിന്തുണയും. പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ'- ഇതായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ സന്ദേശത്തിന്റെ ഉള്ളടക്കം. സംഭവത്തിൽ ചൈനയും ദുഃഖം രേഖപ്പെടുത്തി. 'ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ വലിയ ഉരുൾ പൊട്ടലുണ്ടായതായി അറിഞ്ഞു. ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും. പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.''- ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചു. കേരളത്തിലെ ദുരന്തബാധിതരായ ജനങ്ങൾക്ക് പിന്തുണയെന്ന് തുർക്കി വിദേശകാര്യമന്ത്രാലയവും അറിയിച്ചു.

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും മുണ്ടക്കൈ ദുരന്തത്തില് അനുശോചനം രേഖപ്പെടുത്തി. 'ദുരന്തത്തിൽ വ്യാപക നഷ്ടമുണ്ടായെന്ന് മനസിലാക്കുന്നു. നിരവധി പേര്ക്ക് ജീവനും ഉപജീവനമാർഗവും നഷ്ടപ്പെട്ടതായി അറിഞ്ഞു. സങ്കല്പ്പിക്കാന് പോലുമാകാത്ത ദുരന്തമാണ് നടന്നതെന്ന് അറിഞ്ഞു'- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന അനുശോചന സന്ദേശത്തില് മുയിസു പറഞ്ഞു. ഉരുള്പൊട്ടലില് ഇന്ത്യയിലെ ഇറാന് എംബസിയും അനുശോചിച്ചു. ഐക്യരാഷ്ട്ര സഭയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.

dot image
To advertise here,contact us
dot image