മിഷന് ബേലൂര് മഖ്ന മൂന്നാം ദിനം; ആന ഇരുമ്പുപാലത്തെന്ന് വിവരം, കടുത്ത പ്രതിഷേധത്തില് നാട്ടുകാര്

ആനയുടെ സഞ്ചാരപാത മനസിലാക്കി പുലർച്ചെ അഞ്ചരയോടെ ദൗത്യം ആരംഭിച്ച സംഘം ആനയുടെ 400 മീറ്റര് അടുത്തെത്തി

dot image

മാന്തവാടി: ആളെക്കൊല്ലി കാട്ടാനയായ ബേലൂര് മഖ്നയെ പിടികൂടുന്നതിനായുള്ള ദൗത്യ സംഘം മൂന്നാദിവസം ആനയ്ക്ക് തൊട്ടരികിലെന്ന് സൂചന. ആന ഇരുമ്പുപാലം ഭാഗത്തെന്നാണ് ലഭിക്കുന്ന വിവരം. മണ്ണുണ്ടിയില് നിന്ന് രണ്ടുകിലോമീറ്റര് അകലെയായാണ് ആനയുള്ളതെന്ന് ഓപ്പറേഷന് മഖ്ന അറിയിച്ചു. ആനയുടെ സഞ്ചാരപാത മനസിലാക്കി പുലർച്ചെ അഞ്ചരയോടെ ദൗത്യം ആരംഭിച്ച സംഘം ആനയുടെ 400 മീറ്റര് അടുത്തെത്തി. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ ലൊക്കേറ്റ് ചെയ്ത സ്ഥലത്തേക്ക് ദൗത്യ സംഘത്തിലെ ട്രാക്കിങ് ടീം പോയിട്ടുണ്ട്. ആനയുടെ 200-250 മീറ്റര് അടുത്ത് ദൗത്യ സംഘത്തിന് എത്താന് സാധിച്ചാല് വെറ്ററിനറി സംഘവും പുറപ്പെടും.

ഉത്തരമേഖല സിസിഎഫ് കെഎസ് ദീപ ഉള്പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര് പ്രദേശത്തുണ്ട്. വനംദ്രുത കര്മസേനയും വെറ്റിനറി സംഘവും ഉള്പ്പെടെയുള്ള ഇരുനൂറിലധികം വരുന്ന ദൗത്യസംഘമാണ് പൂര്ണസജ്ജമായി ആനക്ക് പിന്നാലെ തന്നെയുള്ളത്. അതേസമയം ആലത്തൂര് എസ്റ്റേറ്റില് ആനയുടെ സാമിപ്യം ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കാട് വെട്ടിത്തെളിക്കാത്ത പ്രദേശത്താണ് ആനയുള്ളത് എന്നാണ് സൂചന. അവിടെയാണ് ആനയുള്ളതെങ്കില് ആനയെ മയക്കുവെടി വെക്കുന്നത് ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ ദിവസം ആനയുണ്ടായിരുന്ന കുറ്റിക്കാട് മയക്കുവെടിവെക്കുന്നതിന് ദൗത്യ സംഘത്തിന് പ്രതിസന്ധിയായിരുന്നു.

അതേസമയം ആനയെ പിടികൂടിയില്ലെങ്കില് പ്രതിഷേധം കടുപ്പിക്കുമെന്ന് നാട്ടുകാര് അറിയച്ചു. ബേലൂര് മഖ്ന ദൗത്യം വൈകുന്നതില് കടുത്ത നിരാശയെന്ന് നാട്ടുകാര് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില് ആന മണ്ണുണ്ടി കോളനിയിൽ കൃഷി സ്ഥലത്ത് എത്തിയത് രണ്ടുതവണയാണ്. പടക്കം പൊട്ടിച്ചാണ് ആനയെ ഓടിച്ചത്.

dot image
To advertise here,contact us
dot image