'ആ വിവാദം വീണയ്ക്കെതിരെയല്ല, മുഖ്യമന്ത്രിയെ ഉന്നംവച്ച്'; അഭിമുഖത്തിൽ മനസു തുറന്ന് മുഹമ്മദ് റിയാസ്

ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് വീണാ വിജയനെതിരായ ആരോപണങ്ങളെക്കുറിച്ചും പിണറായി വിജയനുമായുള്ള ആത്മബന്ധത്തെക്കുറിച്ചുമെല്ലാം മുഹമ്മദ് റിയാസ് പറഞ്ഞിരിക്കുന്നത്.

dot image

കൊച്ചി: വീണാ വിജയനുമായി ബന്ധപ്പെട്ടുയർന്ന സിഎംആർഎൽ വിവാദത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പ്രതികരിച്ച് മന്ത്രിയും വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസ്. ആരോപണങ്ങൾക്കെല്ലാം മാനനഷ്ടം ഫയൽ ചെയ്യാൻ പോയാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനകം എത്രയെണ്ണം ഫയൽ ചെയ്യേണ്ടി വന്നേനെ എന്നാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാലം തെളിയിച്ചിട്ടുള്ളതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് വീണാ വിജയനെതിരായ ആരോപണങ്ങളെക്കുറിച്ചും പിണറായി വിജയനുമായുള്ള ആത്മബന്ധത്തെക്കുറിച്ചുമെല്ലാം മുഹമ്മദ് റിയാസ് പറഞ്ഞിരിക്കുന്നത്.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

മുഖ്യമന്ത്രിയുടെ മരുമകൻ പദവി താങ്കളുടെ രാഷ്ട്രീയജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടോ?

വീണയുമായുള്ള വിവാഹത്തിനു ശേഷവും അദ്ദേഹവുമായുള്ള എന്റെ ബന്ധത്തിൽ തെല്ലും മാറ്റം വന്നിട്ടില്ല. അദ്ദേഹത്തെ അടുത്തറിയാവുന്നവർക്ക് അറിയാം അങ്ങനെ ഒരു സ്വാധീനത്തിനും വഴിപ്പെടുന്നയാളല്ല. ഞങ്ങൾ രണ്ടുപേരും ഒരു കാര്യത്തിലും അനാവശ്യമായി ഇടപെടുന്നവരല്ല. അതു തന്നെയാണ് ഞങ്ങൾക്കിടയിലുള്ള കെമിസ്ട്രി മികച്ചതാവാനുള്ള കാരണവും.

പിണറായി വിജയൻ ധാർഷ്ട്യക്കാരനും കർക്കശക്കാരനുമാണെന്നാണല്ലോ പറയപ്പെടുന്നത്. എന്താണ് താങ്കളുടെ അഭിപ്രായം?

പൊതുപ്രവർത്തകർക്ക് ഒരു മികച്ച മാതൃകയാണ് അദ്ദേഹം. ആര് ഉന്നയിച്ചു എന്നത് നോക്കിയിട്ടല്ല അദ്ദേഹം ഒരു വിഷയത്തോട് പ്രതികരിക്കുന്നത്. കുടുംബസ്ഥനെന്ന നിലയിലും അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ്. വളരെ കരുതലുള്ള വ്യക്തിയാണ്. വ്യക്തിജീവിതത്തിൽ വളരെ അച്ചടക്കമുള്ളയാളാണ്.

അടുത്തിടെ, താങ്കളുടെ ഭാര്യ വീണാ വിജയനെക്കുറിച്ച് സിഎംആർഎലുമായി ബന്ധപ്പെട്ട് വിവാദമുണ്ടായല്ലോ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ പിന്നെന്തുകൊണ്ടാണ് അവർ മാനനഷ്ടക്കേസ് ഫയൽ ചെയ്യാത്തത്?

ആരോപണങ്ങൾക്കെല്ലാം മാനനഷ്ടം ഫയൽ ചെയ്യാനാണെങ്കിൽ പിണറായി വിജയൻ ഇപ്പോൾ എന്തുമാത്രം എണ്ണം ഫയൽ ചെയ്യേണ്ടി വന്നേനെ? എത്ര അടിസ്ഥാനരഹിത ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നിട്ടുള്ളത്. അവയെല്ലാം ആരോപണങ്ങൾ മാത്രമാണെന്ന് കാലം തെളിയിച്ചില്ലേ, അതെല്ലാം ജനങ്ങൾ കാണുന്നതുമല്ലേ.

പക്ഷേ, ഈ മൗനം പാർട്ടിയുടെ അന്തഃസത്തയെ ബാധിക്കുമെന്ന് താങ്കൾ കരുതുന്നില്ലേ?

ഒരിക്കലുമില്ല. പാർട്ടിയുടെ പൊതുബോധം, പൊതു അന്തഃസത്ത ഇവ ബാധിക്കാവുന്നതിനുമപ്പുറം ശക്തമാണ്. എന്നിരുന്നാലും ചില സംഭവങ്ങളിൽ പാർട്ടി മാനനഷ്ടം ഫയൽ ചെയ്യാറുണ്ട്, അതുമായി മുമ്പോട്ട് പോകാറുണ്ട്. അതൊക്കെ പാർട്ടി സംഘടിതമായി എടുക്കുന്ന തീരുമാനമാണ്.

ഈ വിഷയത്തിൽ കേസ് ഫയൽ ചെയ്യേണ്ട എന്നത് പാർട്ടിയുടെ തീരുമാനമാണോ?

നിങ്ങളൊരു രാഷ്ട്രീയ നേതാവാണെങ്കിൽ, പ്രത്യേകിച്ച് പിണറായി വിജയനെ പോലെ മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും കൂടിയാണെങ്കിൽ നിരന്തരം എതിരാളികളുടെ ആരോപണങ്ങൾക്ക് വിധേയനാക്കപ്പെടും. ഇപ്പോൾ പ്രതിപക്ഷത്തിന് പിണറായി വിജയൻ പ്രധാന പ്രതിയോഗി ആണ്. പക്ഷേ, ഞങ്ങൾക്ക് അദ്ദേഹമാണ് ഏറ്റവും വലിയ ശക്തി. നാളെ, അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരാൾ വരുമ്പോഴും ഈ എതിരാളികൾ ഇതേ രീതി തുടരും, ആ ആളെ ലക്ഷ്യം വെക്കും.

dot image
To advertise here,contact us
dot image