
പാകിസ്താന് സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ-പാകിസ്താൻ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ടൂർണമെന്റ് നടത്തുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആശങ്ക. പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബിസിസിഐയുമായി കുറച്ച് വർഷങ്ങളായി നല്ല ബന്ധമുള്ളതും യുഎഇ ക്രിക്കറ്റ് പരിഗണനയ്ക്കെടുത്തു. ഐപിഎല്‍ മത്സരങ്ങളും ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളും തുടങ്ങിയവ യുഎഇ യില്‍ വെച്ച് നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പിഎസ്എൽ മത്സരങ്ങൾക്ക് യുഎഇ വേദിയാകേണ്ടതില്ലെന്നും ബോർഡ് പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഇന്നലെ മുതലാണ് പി എസ് എൽ മത്സരങ്ങൾ നിർത്തിവെച്ചത്. ഇന്ത്യയെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രസ്താവനയോടൊപ്പമായിരുന്നു പിഎസ്എല്‍ വേദി മാറ്റുന്ന കാര്യം ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. റാവല്‍പിണ്ടിയിലെ സ്റ്റേഡിയം ഇന്ത്യ തകര്‍ത്തെന്നും ഇത് പിഎസ്എല്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതാണെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ആരോപിച്ചിരുന്നു. യുഎഇയിലേക്ക് വേദി മാറ്റുകയാണെന്നും ഇന്നലെ രാത്രി പുറത്തുവന്ന ഈ പ്രസ്താവനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ നീക്കം അന്തിമമായിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സമാനമായി ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളും ഇന്നലെ മുതൽ നിർത്തിവെച്ചിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം ഐപിഎൽ പുനരാരംഭിക്കുമെന്നാണ് ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. തിയതിയും മത്സരം നടത്തുന്ന വേദിയും പിന്നീട് പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.
Content Highlights: UAE To Decline Request To Hold PSL Matches