മന്ത്രിസഭാ പുനഃസംഘടന: ചർച്ചകൾക്ക് പിന്നിൽ മറ്റു ചില കേന്ദ്രങ്ങൾ: മന്ത്രി ആന്റണി രാജു

'ഇടതുമുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം'

dot image

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇപ്പോൾ ഒരു പ്രസക്തിയുമില്ലെന്ന് മന്ത്രി ആന്റണി രാജു. ഇത് മാധ്യമ സൃഷ്ടി മാത്രമല്ലെന്നും പിന്നിൽ മറ്റു ചില കേന്ദ്രങ്ങൾ കൂടിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണ്. ബുധനാഴ്ച ചേരുന്ന ഇടതു മുന്നണി യോഗം പുനഃസംഘടന ചർച്ച ചെയ്യുമെന്ന് കരുതുന്നില്ല. ഇനിയും രണ്ടു മാസത്തെ സമയമുണ്ട്. കരുത്തുറ്റ മുന്നണിയാണ് എൽഡിഎഫ്. സമയാ സമയങ്ങളിൽ വേണ്ട തീരുമാനം മുന്നണി കൈക്കൊള്ളുമെന്നും മന്ത്രി പ്രതികരിച്ചു.

'ഞാൻ മന്ത്രിയാകാൻ ആഗ്രഹിച്ച ഒരാളല്ലെന്ന് തുടക്കത്തിലേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മന്ത്രി സ്ഥാനം ആർക്കും സ്ഥിരമുള്ളതല്ല. അത് വരും പോകും. മന്ത്രിയായി ഇരിക്കുന്ന കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ താൽപര്യങ്ങൾക്കനുസരിച്ച് ജനാഭിലാഷം മാനിച്ച് പരമാവധി നന്നായി പ്രവർത്തിക്കുക എന്നതാണ് പ്രധാനം', മന്ത്രി വ്യക്തമാക്കി. താൻ മന്ത്രിയായത് ലാറ്റിൻ കത്തോലിക് അസോസിയേഷന്റെ തീരുമാന പ്രകാരമല്ല. താൻ ഒരു സമുദായത്തിന്റെ മന്ത്രിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കെൽസിഎയുടെ തണലിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ല താൻ. കെൽസിഎ കോൺഗ്രസ് അനുകൂല സംഘടനയാണ്. കോൺഗ്രസ് നേതാക്കളാണ് സംഘടനയുടെ ഭാരവാഹികൾ. കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണങ്ങൾ വിലയിരുത്തേണ്ടത് ഇടതു മുന്നണിയാണെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image