'സോളാർ കേസിൽ തുടരന്വേഷണം വേണ്ട'; മലക്കം മറിഞ്ഞ് യുഡിഎഫ്

ഇനി തുടരന്വേഷണം ആവശ്യമില്ല. സിബിഐയേക്കാൾ വലിയ അന്വേഷണ ഏജൻസി വേറെയില്ലെന്ന് എം എം ഹസ്സൻ

dot image

തിരുവനന്തപുരം: സോളാർ കേസിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്ന് മലക്കം മറിഞ്ഞ് പ്രതിപക്ഷം. സോളാറിലെ സിബിഐ റിപ്പോർട്ടിൽ അന്വേഷണം വേണ്ട. റിപ്പോർട്ടിലെ കണ്ടെത്തലുകളെ സ്വാഗതം ചെയ്യുന്നുവെന്നും സിബിഐ അന്വേഷണത്തിൽ നടപടി മതിയെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു. ഇനി തുടരന്വേഷണം ആവശ്യമില്ല. സിബിഐയേക്കാൾ വലിയ അന്വേഷണ ഏജൻസി വേറെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാർ പീഡനക്കേസിൽ കുറ്റകരമായ ഗൂഢാലോചന തെളിഞ്ഞു. ഗൂഡാലോചനയിൽ മുഖ്യമന്ത്രിയും ഗണേഷ് കുമാറും പങ്കാളികളാണ്. സിബിഐ കണ്ടെത്തലിൽ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ഇനി ഒരു അന്വേഷണത്തിന്റെ ആവശ്യമില്ല. അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കത്ത് നൽകില്ല. എന്നാൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കും. ഒക്ടോബർ 18 ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. സമരത്തിൽ 50000 പേർ പങ്കെടുക്കും. പഞ്ചായത്ത് തലത്തിൽ പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു.

ജൂൺ 19ന് സോളാർ കേസിൽ സിബിഐ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രി റിപ്പോർട്ട് ലഭിച്ചില്ലെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് യുഡിഎഫിന്റെ ആരോപണം. ഗണേഷ് കുമാർ വഞ്ചകനും സാമൂഹ്യവിരുദ്ധനുമാണ്. ഗണേഷ് കുമാറിനെ ഒരിക്കലും യുഡിഎഫിൽ എടുക്കില്ലെന്നും എം എം ഹസ്സൻ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി വികാരവും ഭരണ വിരുദ്ധ വികാരവും പ്രതിഫലിച്ചതായാണ് യുഡിഎഫ് വിലയിരുത്തൽ.

dot image
To advertise here,contact us
dot image