ലോഡ് ഷെഡ്ഡിംഗിൽ തീരുമാനം ഇന്ന്; മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിക്കാഴ്ച നടത്തും

ദിവസേന ആയിരം മെഗാവാട്ടിന്റെ കുറവ് വരെയാണ് ഇപ്പോൾ നേരിടുന്നത്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ നിരക്ക് വർധനയടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മുഖ്യന്ത്രിയും വൈദ്യുതി മന്ത്രിയും ഇന്ന് കൂടിയാലോചന നടത്തും. അന്തിമ തീരുമാനം ഈ കൂടിക്കാഴ്ചയിലുണ്ടാകും. ലോഡ് ഷെഡ്ഡിംഗ് വേണോ എന്നതിലും മുഖ്യമന്ത്രി തീരുമാനമെടുക്കും. ലോഡ് ഷെഡിങ് ഒഴിവാക്കി കൂടുതൽ വൈദ്യുതി വാങ്ങണോ എന്നതിലും ഇതോടെ തീരുമാനമാകും. ദിവസേന ആയിരം മെഗാവാട്ടിന്റെ കുറവ് വരെയാണ് ഇപ്പോൾ നേരിടുന്നത്.

കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ച അവലോകന യോഗത്തിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കി ചെലവ് കുറഞ്ഞ മാർഗങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. നേരത്തെ മുൻകൂർ പണം നൽകി വൈദ്യുതി വാങ്ങിയത് ബോർഡിന് വലിയ ബാധ്യത ഉണ്ടാക്കിയിരുന്നു. ഹ്രസ്വകാല കരാറിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ബോർഡ് അടിയന്തിര ടെൻഡർ വിളിച്ചിരുന്നു. അടുത്ത മഴക്കാലത്ത് തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലായിരിക്കും വൈദ്യുതി വാങ്ങുക. ചട്ടം ലംഘിച്ചതിന് കരാർ റദ്ദാക്കിയ കരാറുകാരിൽ നിന്നും ഡിസംബർ 31 വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷനും അനുമതി നൽകിയിട്ടുണ്ട്.

മഴക്കാലത്ത് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ വേനൽക്കാലത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാറുണ്ട്. കൈമാറ്റക്കരാർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തവണ മഴക്കാലമാണെങ്കിലും വൈദ്യുതി കുറവ് അനുഭവപ്പെടുന്നതിനാലാണ് പുറത്തുനിന്ന് വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിക്ക് പണം നൽകേണ്ടതില്ല. തിരിച്ചു നൽകുമ്പോൾ നിശ്ചിത ശതമാനം വൈദ്യുതി അധികം നൽകണം. ഇത്തരം കരാറുകൾ നടന്നില്ലെങ്കിൽ മാത്രമാണ് പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുക.

dot image
To advertise here,contact us
dot image