അൽബേനിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം: പൊലീസിനെതിരെ പെട്രോൾ ബോബും കല്ലേറും; റബർ ബുള്ളറ്റ് പ്രയോഗിച്ച് പൊലീസ്

നേരത്തെയും പ്രക്ഷോഭകര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ബാങ്കുകള്‍ക്കും തീയിടുകയും, കടകളുടെ ചില്ലുകള്‍ തകര്‍ക്കുകയും, നടപ്പാതയിലെ കല്ലുകള്‍ ഇളക്കിയെടുത്ത് പോലീസിന് നേരെ എറിയുകയും ചെയ്തിരുന്നു

അൽബേനിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം: പൊലീസിനെതിരെ പെട്രോൾ ബോബും കല്ലേറും; റബർ ബുള്ളറ്റ് പ്രയോഗിച്ച് പൊലീസ്
Protests in Albania
dot image

ടിറാന: ഒരിടവേളയ്ക്കു ശേഷം അൽബേനിയയിൽ വീണ്ടും സർക്കാർ വിരുദ്ധ പ്രതിഷേധം. അൽബേനിയിലെ സ്വാതന്ത്ര്യ ദിനമായ നവംബർ 28 ശനിയാഴ്ചയാണ് വീണ്ടും സമരക്കാർ നിരത്തിലിറങ്ങിയത്. തലസ്ഥാനമായ ടിറാനയിൽ ആയിരക്കണക്കിനാളുകളാണ് ഒത്തുകൂടിയത്. പ്രധാനമന്ത്രി എദി രാമയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വീണ്ടും അക്രമാസക്തമായി.

സമരക്കാർ പൊലീസിനെതിരെ വ്യാപകമായി പെട്രോൾ ബോബും കല്ലേറും നടത്തി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും റബർ ബുള്ളറ്റും പ്രയോഗിച്ചു. പ്രതിഷേധക്കാർക്കിടയിൽ നിന്നും മുഖംമൂടി ധരിച്ചവർ സർക്കാർ കെട്ടിടങ്ങൾ അടിച്ച് തകർത്ത് സമരം അക്രമാസക്തമാക്കുകയായിരുന്നു എന്ന് അൽബേനിയൻ പൊലീസ് പറഞ്ഞു. സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റെതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രതിഷേധക്കാർക്ക് പുറമേ നിരവധി മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.

അൽബേനിയയിലെ സംരക്ഷിത പ്രകൃതി മേഖലയിൽ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിൻ്റെ മരുമകന്‍ ജാരെഡ് കുഷ്നറിൻ്റെ ആഡംബര ഹോട്ടല്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ നിന്നാണ് മെയ് മാസത്തില്‍ ഈ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. അഴിമതി ആരോപണങ്ങളെത്തുടര്‍ന്നുണ്ടായ ഈ പ്രക്ഷോഭങ്ങള്‍ക്ക് കൃത്യമായ നേതൃത്വമുണ്ടായിരുന്നില്ലെങ്കിലും തുടക്കത്തില്‍ ഇവ സമാധാനപരമായിരുന്നു. എന്നാല്‍ ഒക്ടോബര്‍ പകുതിയോടെ, സമരം അക്രമാസക്തമായി മാറി. ആരോഗ്യരംഗത്തെ പോരായ്മകള്‍, തൊഴിലവസരങ്ങളുടെ കുറവ്, മോശം വിദ്യാഭ്യാസ നിലവാരം തുടങ്ങി യുവാക്കള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള രോഷപ്രകടനങ്ങളായി ഇവ പരിണമിച്ചു. പ്രധാനമന്ത്രി എ ഡി രാമ രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Fire from petroll bomb thrown by protestors in Albania
അൽബേനിയയിൽ പ്രതിഷേധക്കാർ എറിഞ്ഞ പെട്രോൾ ബോംബ്

നേരത്തെയും പ്രക്ഷോഭകര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ബാങ്കുകള്‍ക്കും തീയിടുകയും, കടകളുടെ ചില്ലുകള്‍ തകര്‍ക്കുകയും, നടപ്പാതയിലെ കല്ലുകള്‍ ഇളക്കിയെടുത്ത് പോലീസിന് നേരെ എറിയുകയും ചെയ്തിരുന്നു. 2013 മുതല്‍ ഭരണത്തിലിരിക്കുന്ന എഡി രാമ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് നാലാം തവണ അധികാരത്തിലെത്തിയത്. രാമയ്ക്ക് ഈ പ്രക്ഷോഭം ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കഴിഞ്ഞ മാസം പ്രതിഷേധക്കാർ അല്‍ബേനിയൻ സുപ്രീം കോടതിക്ക് തീയിട്ട ദൃശ്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ശിവ സേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ചയ് റാവത്തും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുമാണ് ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവച്ചത്. എല്ലാ രാജ്യങ്ങളും ഈ സംഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം എന്നാണ് സഞ്ചയ് റാവത്ത് കുറിച്ചത്. വലതുപക്ഷം അല്‍ബേനിയയിലെ സമരത്തെ ഒരു ഉദാഹരണമായി കാണില്ല എന്നായിരുന്നു പവന്‍ ഖേരയുടെ പരിഹാസം.

Content Highlights: Thousands protest in Albania demanding Prime Minister Edi Rama's resignation. Clashes erupted as protesters hurled petrol bombs and stones at police.

dot image
To advertise here,contact us
dot image