ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിന് മുമ്പേ വകുപ്പ് വിഭജനവുമായി പ്രതിപക്ഷം;ലീബർമാന് പ്രതിരോധം, ബെന്നറ്റിന് ധനകാര്യം

കുറഞ്ഞ അംഗങ്ങളുള്ള ചെറിയ ഒരു മന്ത്രിസഭ രൂപീകരിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ഐസന്‍കോട്ട് തന്റെ സഖ്യകക്ഷികളെ അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ സഖ്യകക്ഷിക്കും പരമാവധി മൂന്ന് മുതല്‍ നാല് വരെ മന്ത്രിസ്ഥാനങ്ങള്‍ മാത്രമായിരിക്കും നല്‍കുക

ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിന് മുമ്പേ വകുപ്പ് വിഭജനവുമായി പ്രതിപക്ഷം;ലീബർമാന് പ്രതിരോധം, ബെന്നറ്റിന് ധനകാര്യം
Change Bloc Leaders
dot image

ടെല്‍ അവീവ്: ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ കേവല ഭൂരിപക്ഷം തികയ്ക്കുന്നതിനുള്ള വ്യക്തമായ വഴി തെളിഞ്ഞിട്ടില്ലെങ്കിലും, പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള വകുപ്പ് വിഭജന ചര്‍ച്ചകളുമായി പ്രതിപക്ഷ സഖ്യം. യാഷര്‍ (Yashar) പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ടിന്റെ (Gadi Eisenkot) നേതൃത്വത്തിലുള്ള പ്രതിപക്ഷ ബ്ലോക്കില്‍ മന്ത്രിസ്ഥാനങ്ങള്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവം. ഇസ്രയേല്‍ ഹയോം, ടൈംസ് ഓഫ് ഇസ്രയേല്‍ എന്നീ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ, ഏത് നിമിഷവും ഐസന്‍കോട്ടിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കാമെന്നും, നിലവിലെ സാഹചര്യത്തില്‍ ഒരു 'അത്ഭുതം' മാത്രമാണ് തങ്ങളെ രക്ഷിക്കുകയെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ അടുത്ത അനുയായികളോട് ആശങ്ക പ്രകടിപ്പിച്ചു.

Gadi Eisenkot
ഗാഡി ഐസന്‍കോട്ട്

കുറഞ്ഞ അംഗങ്ങളുള്ള ചെറിയ ഒരു മന്ത്രിസഭ (Lean Government) രൂപീകരിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ഐസന്‍കോട്ട് തന്റെ സഖ്യകക്ഷികളെ അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ സഖ്യകക്ഷിക്കും പരമാവധി മൂന്ന് മുതല്‍ നാല് വരെ മന്ത്രിസ്ഥാനങ്ങള്‍ മാത്രമായിരിക്കും നല്‍കുക. മന്ത്രിസ്ഥാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയത് പ്രതിപക്ഷ ബ്ലോക്കിലെ എംപിമാര്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

ഐസന്‍കോട്ടുമായി ആദ്യം സഖ്യകരാറില്‍ ഒപ്പിട്ട അവിഗ്‌ദോര്‍ ലിബര്‍മാന്റെ (Avigdor Liberman) യിസ്രായേല്‍ ബെയ്തനു പാര്‍ട്ടിക്ക് സുപ്രധാനമായ പ്രതിരോധ വകുപ്പും (Defense Ministry) ഇമിഗ്രന്റ് അബ്‌സോര്‍പ്ഷന്‍ വകുപ്പും നല്‍കും. കൂടാതെ നീതിന്യായ വകുപ്പും (Justice Ministry) ലിബര്‍മാന്റെ പാര്‍ട്ടിക്ക് ലഭിക്കുമെന്ന് സൂചനയുണ്ട്.

Avigdor Liberman
അവിഗ്‌ദോര്‍ ലിബര്‍മാൻ

നഫ്താലി ബെന്നറ്റിന്റെ (Naftali Bennett) ബെയാഹദ് പാര്‍ട്ടിക്ക് ധനകാര്യം, വിദേശകാര്യം എന്നീ ചുമതലകള്‍ ലഭിക്കും. നഫ്താലി ബെന്നറ്റ് ധനമന്ത്രിയായും പാര്‍ട്ടിയിലെ രണ്ടാമനായ യയര്‍ ലാപ്പിഡ് (Yair Lapid) വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിക്കാനാണ് ധാരണ.

Naftali Bennett and Yair Lapid
നഫ്താലി ബെന്നറ്റും യയർ ലാപ്പിഡും

ഡെമോക്രാറ്റ്‌സ് പാര്‍ട്ടി തലവനും മുന്‍ ഡെപ്യൂട്ടി ഐഡിഎഫ് ചീഫുമായ യയര്‍ ഗൊലാന് (Yair Golan) ദേശീയ സുരക്ഷാ മന്ത്രാലയത്തിന്റെ (National Security Ministry) നിയന്ത്രണം നല്‍കാനാണ് നീക്കം.

Yair Golan
യയർ ഗോലാൻ

മന്ത്രാലയ വിഭജനത്തില്‍ പ്രതിപക്ഷ ബ്ലോക്കിനുള്ളില്‍ വലിയ ഭിന്നതകള്‍ ഉടലെടുത്തിട്ടുണ്ട്. എട്ട് സീറ്റുകളുള്ള ഡെമോക്രാറ്റുകള്‍ നീതിന്യായ വകുപ്പോ വിദ്യാഭ്യാസ വകുപ്പോ തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും യാഷര്‍ പാര്‍ട്ടി അത് നിരസിച്ചു. ഇതിനുപുറമെ, നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുമായി ഐസന്‍കോട്ട് ഐക്യസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് ഡെമോക്രാറ്റുകള്‍ സഖ്യചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

120 അംഗ നെസറ്റില്‍ ഐസന്‍കോട്ടിന്റെ ബ്ലോക്കിന് നിലവില്‍ 48 സീറ്റുകളാണുള്ളത്. നെതന്യാഹുവിനെ എതിര്‍ക്കുന്ന അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളുമുണ്ട്. നെതന്യാഹുവിന്റെ കാവല്‍ സഖ്യത്തിന് 53 സീറ്റുകളാണുള്ളത്. കൃത്യമായ ഭൂരിപക്ഷം ഇതുവരെ തികയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും, സഖ്യചര്‍ച്ചകളുടെ പുരോഗതി ഐസന്‍കോട്ട് ഇസ്രയേല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗിനെ (Isaac Herzog) അറിയിച്ചിട്ടുണ്ട്. നെതന്യാഹുവിനോട് വര്‍ഷങ്ങളായി ചേര്‍ന്നുനിന്ന അള്‍ട്രാ-ഓര്‍ത്തഡോക്‌സ് പാര്‍ട്ടിയായ 'യുണൈറ്റഡ് തോറ ജൂദായിസവുമായി' (United Torah Judasim - UTJ) ഐസന്‍കോട്ടിന്റെ പാര്‍ട്ടി നടത്തുന്ന ചര്‍ച്ചകളാണ് നെതന്യാഹുവിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നത്. യുടിജെ കൂടെ വരികയോ അറബ് പാര്‍ട്ടികള്‍ പിന്തുണയ്ക്കുകയോ ചെയ്താല്‍ നിലവിലെ വകുപ്പ് വിഭജന ചിത്രത്തില്‍ മാറ്റങ്ങള്‍ വന്നേക്കാം.

United Torah Judasim - UTJ
യുടിജെ

അതേസമയം, തങ്ങളെ അത്ഭുതം മാത്രം രക്ഷിക്കും എന്ന നെതന്യാഹുവിന്റെ പ്രസ്താവനയെ കുറിച്ചുള്ള റിപ്പോർട്ടുകൾ വ്യാജവാർത്തയാണെന്ന് ലിക്കുഡ് പാർട്ടി പ്രതികരിച്ചു.

Content Highlight: Israel's opposition bloc, led by Gadi Eisenkot, has begun discussions on allocating ministerial portfolios despite not yet securing a parliamentary majority. Avigdor Liberman's party is likely to receive the Defence Ministry, while Naftali Bennett and Yair Lapid are being considered for the Finance and Foreign Affairs portfolios respectively. Yair Golan's Democrats Party is expected to take charge of the National Security Ministry. However, disagreements over portfolio distribution and negotiations with Netanyahu's Likud have created tensions within the opposition bloc. Meanwhile, Netanyahu reportedly believes that only a miracle can save his government as negotiations with the United Torah Judaism party continue.

dot image
To advertise here,contact us
dot image