'ഈ റെക്കോർ‌ഡ് തകർക്കുക അസാധ്യം'; വൈഭവിനെ പ്രശംസിച്ച് അസ്ഹറുദ്ദീൻ

വൈഭവിന്റെ ഈ റെക്കോർ‌ഡ് തകർക്കുക എളുപ്പമുള്ള കാര്യമല്ല. അവനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുകയും, കൂടുതൽ അവസരങ്ങൾ നൽകുകയും വേണമെന്നും അസ്ഹറുദ്ദീൻ ആവശ്യപ്പെട്ടു.

'ഈ റെക്കോർ‌ഡ് തകർക്കുക അസാധ്യം'; വൈഭവിനെ പ്രശംസിച്ച് അസ്ഹറുദ്ദീൻ
Vaibahv suryvanshi
dot image

റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുവതാരം വൈഭവ് സൂര്യവംശി നേടിയ റെക്കോർഡ് ഇരട്ട സെഞ്ച്വറി പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും തെലങ്കാന മന്ത്രിയുമായ മുഹമ്മദ് അസ്ഹറുദ്ദീൻ. വൈഭവിന്റെ ഈ റെക്കോർ‌ഡ് തകർക്കുക എളുപ്പമുള്ള കാര്യമല്ല. അവനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുകയും, കൂടുതൽ അവസരങ്ങൾ നൽകുകയും വേണമെന്നും അസ്ഹറുദ്ദീൻ ആവശ്യപ്പെട്ടു.

'വൈഭവ് നന്നായി കളിക്കുന്നുണ്ട്. വളരെ ചെറുപ്പമായ അവൻ ഇത്ര മികച്ച പ്രകടനം കാഴ്ചവെക്കുകയും, റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തതിൽ അതിയായ സന്തോഷമുണ്ട്. ഈ റെക്കോർഡ് തകർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല… ഒരു ചെറുപ്പക്കാരനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുമ്പോൾ, അവനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുകയും, കൂടുതൽ അവസരങ്ങൾ നൽകുകയും വേണം . ഒരു മികച്ച കളിക്കാരനെ കൂടുതൽ വലിയ താരമാക്കി മാറ്റണമെങ്കിൽ, അവന് പരമാവധി അവസരങ്ങൾ നൽകുക തന്നെ വേണം.' അസ്ഹറുദ്ദീൻ പറഞ്ഞു.

ഇന്ത്യ എ ടീമിനായി 53 പന്തിൽ 204 റൺസാണ് വൈഭവ് അടിച്ചെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. 2023ൽ ഓസ്‌ട്രേലിയയുടെ ജെയ്ക് ഫ്രേസർമെക്ഗർക്ക് സ്ഥാപിച്ച 29 പന്തിന്റെ റെക്കോർഡാണ് 28 പന്തിൽ സെഞ്ചുറി തികച്ച് വൈഭവ് മറികടന്നത്.

എന്നാൽ കൗമാരതാരം അവിടെയും നിർത്താൻ തയ്യാറായിരുന്നില്ല. 40 പന്തിൽ 150 റൺസിലെത്തിയ താരം, കഴിഞ്ഞ വർഷം ബിഹാറിനായി അരുണാചൽ പ്രദേശിനെതിരെ കളിക്കുമ്പോൾ താൻ കുറിച്ച 59 പന്തിന്റെ റെക്കോർഡാണ് 19 പന്തുകൾ ബാക്കിനിൽക്കെ തകർത്തത്.

ഫോർഡ് ട്രോഫിയിൽ കാന്റർബറിക്കായി ഒട്ടാഗോയ്‌ക്കെതിരെ ന്യൂസിലൻഡ് ബാറ്റർ ചാഡ് ബോവ്‌സ് സ്ഥാപിച്ച 103 പന്തിന്റെ റെക്കോർഡ് മറികടന്ന്, വെറും 52 പന്തിലാണ് താരം ഇരട്ട സെഞ്ച്വറി തികച്ചത്.

ഈ ഇന്നിങ്‌സിൽ ഏഴ് ഫോറുകളും 28 കൂറ്റൻ സിക്‌സറുകളുമാണ് വൈഭവ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ഇന്നിങ്‌സിലെ ഏറ്റവും ഉയർന്ന സിക്‌സർ നേട്ടമാണിത്.


content highlights: Former India captain Mohammad Azharuddin praised teenage batting sensation Vaibhav Suryavanshi, stating that breaking his feat is virtually impossible.

dot image
To advertise here,contact us
dot image