'God save the King': നാടുവിട്ട് 16 വർഷങ്ങൾക്ക് ശേഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് IPL സ്ഥാപകൻ ലളിത് മോദി

2010-ലാണ് ലളിത് മോദി ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് കടന്നത്. ഐപിഎൽ ചെയർമാൻ സ്ഥാനത്തുനിന്ന് ബിസിസിഐ അദ്ദേഹത്തെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഇത്

'God save the King': നാടുവിട്ട് 16 വർഷങ്ങൾക്ക് ശേഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് IPL സ്ഥാപകൻ ലളിത് മോദി
dot image

ലണ്ടൻ: സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ഇന്ത്യ വിട്ട ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സ്ഥാപകനും മുൻ ചെയർമാനുമായ ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ശനിയാഴ്ച ഓക്സ്ഫോർഡ് യൂണിയനെ അഭിസംബോധന ചെയ്തുകൊണ്ട് ബ്രിട്ടീഷ് പൗരത്വം നേടിയതായി മോദി അറിയിച്ചു. 'ഒരു ബ്രിട്ടീഷ് പൗരനായതിൽ ഞാൻ അഭിമാനിക്കുന്നു' എന്ന് എക്സിൽ കുറിച്ച ലളിത് മോദി ഈ അവസരത്തെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായി വിശേഷിപ്പിച്ചു.

സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ഇന്ത്യ വിട്ട് 16 വർഷങ്ങൾക്ക് ശേഷമാണ് പുതിയ പൗരത്വം നേടിയ വിവരം ഓക്സ്ഫോർഡ് യൂണിയനിൽ നടത്തിയ പ്രഭാഷണത്തിൽ മോദി വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബർ 15നാണ് തനിക്ക് ഔദ്യോഗികമായി ബ്രിട്ടീഷ് പൗരത്വം ലഭിച്ചതെന്ന് ലളിത് മോദി വ്യക്തമാക്കി. യുകെയിലെ പൗരത്വദാന ചടങ്ങിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് മോദി പങ്കെടുത്തത്. ശനിയാഴ്ച രാത്രി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. ചാൾസ് രാജാവിന്റെ ജന്മദിനത്തിൽ തന്നെ ഈ വാർത്ത പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ലളിത് മോദി പറഞ്ഞു.

"കഴിഞ്ഞ കുറേ വർഷങ്ങളായി ബ്രിട്ടനാണ് എന്റെ വീട്. ഇവിടുത്തെ ജനങ്ങളെയും സ്ഥാപനങ്ങളെയും പാരമ്പര്യത്തെയും മൂല്യങ്ങളെയും ഞാൻ ആഴത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് പൗരനാകുക എന്നത് വലിയൊരു പദവിയും ഉത്തരവാദിത്തവുമാണ്. അഭിമാനത്തോടെയും കൃതജ്ഞതയോടും കൂടി ഞാൻ അത് ഏറ്റെടുക്കുന്നു," ലളിത് മോദി കുറിച്ചു. വിവിധ സംസ്കാരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് തന്റെ ജീവിതയാത്ര കടന്നുപോയതെന്നും, സ്വന്തം വീടെന്ന് അഭിമാനത്തോടെ വിളിക്കുന്ന ഈ രാജ്യത്തിന് മികച്ച സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2010ലാണ് ലളിത് മോദി ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് കടന്നത്. ഐപിഎൽ ചെയർമാൻ സ്ഥാനത്തുനിന്ന് ബിസിസിഐ അദ്ദേഹത്തെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഐപിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ, ലേലത്തിലെ തിരിമറി, കള്ളപ്പണം വെളുപ്പിക്കൽ, വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങി ഗുരുതരമായ നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

അംഗീകൃതമല്ലാത്ത ഫണ്ട് കൈമാറ്റങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. ലളിത് മോദിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നിയമനടപടികളും ഇന്ത്യൻ അന്വേഷണ ഏജൻസികൾ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് യുകെ പൗരത്വം ലഭിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

Content Highlights: Former IPL chairman Lalit Modi has acquired British citizenship, 16 years after leaving India amid financial irregularity allegations. He announced the news at Oxford Union.

dot image
To advertise here,contact us
dot image