

ബോളിവുഡിലെ താരദമ്പതികളിൽ ശ്രദ്ധേയരാണ് കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. കുഞ്ഞിന്റെ വരവോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും, പ്രസവാനന്തര ബുദ്ധിമുട്ടുകളെക്കുറിച്ചും നടി പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ആദ്യ ഗർഭകാലത്തിന്റെ തുടക്കത്തിലുള്ള മൂന്ന് മാസം കടുത്ത ശാരീരിക ബുദ്ധിമുട്ടുകളാണ് നേരിട്ടതെന്ന് കിയാര വെളിപ്പെടുത്തി. തനിക്ക് അന്ന് പിന്തുണയായത് സുഹൃത്തുക്കളായ ആലിയ ഭട്ട്, കത്രീന കൈഫ്, പത്രലേഖ എന്നിവരാണെന്ന് നടി പറയുന്നു. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന ഷോയിൽ ഭർത്താവും നടനുമായ സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം എത്തിയപ്പോഴാണ് കിയാര ഇക്കാര്യം പങ്കുവെച്ചത്.
"ചിലപ്പോൾ മനസിലുള്ള കാര്യങ്ങൾ തുറന്നുപറയാൻ ഒരിടം മാത്രം മതിയാകും. ആദ്യമായി അമ്മയാകുമ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സ്ത്രീകൾക്ക് മാത്രമേ സ്ത്രീകളെ ശരിക്കും മനസിലാക്കാൻ കഴിയൂ. ആദ്യമായി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആദ്യത്തെ മൂന്ന് മാസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു. ഓക്കാനവും ഹോർമോൺ മാറ്റങ്ങളുമെല്ലാം ഉണ്ടായിരുന്നു. ആ സമയത്ത് ആരോടും വിവരം പറയേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ അമ്മയോടും ഭർത്താവിന്റെ അമ്മയോടും സംസാരിക്കണമെന്ന് എനിക്ക് തോന്നി. എന്നെ മനസിലാക്കാൻ കഴിയുന്ന സ്ത്രീകളുടെ പിന്തുണ എനിക്ക് ആവശ്യമായിരുന്നു.
ഞങ്ങൾ അമ്മമാരെല്ലാം പരസ്പരം വിവരങ്ങൾ അന്വേഷിക്കും. പിന്നെ ഞങ്ങളെല്ലാവരും ഒരേ മേഖലയിലുള്ളവരാണ്. ആലിയയെ വിളിച്ച് ജോലിയിലേക്ക് എങ്ങനെ തിരിച്ചുപോകാം, ഇതെല്ലാം എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. കുടുംബത്തിനാണ് മുൻഗണന. അതേസമയം ജോലിസ്ഥലത്ത് നിങ്ങൾ പ്രൊഫഷണലായും തുടരേണ്ടതുണ്ട്. ഈ രണ്ട് ലോകങ്ങളെയും എങ്ങനെ സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകാം ?. ചിലപ്പോഴൊക്കെ കുറ്റബോധം തോന്നും. എല്ലാ അമ്മമാരെയും പോലെ ഈ കുറ്റബോധം (Mom Guilt) എപ്പോഴും കൂടെയുണ്ടാകും".- കിയാര പറഞ്ഞു.
Content Highlights: Kiara opens up about the difficulties associated with the postpartum phase and highlights the support she received from fellow actresses Alia Bhatt and Katrina Kaif during this period.